കണ്ണൂർ :- പാലങ്ങൾ കേന്ദ്രീകരിച്ചു പാർക്കുകളായി മാറ്റുന്ന പദ്ധതിയിൽ ജില്ലയിലെ 2 ഇടങ്ങൾ പരിഗണനയിൽ. പൊതുമരാമത്ത് വകുപ്പിനു കീഴിലെ പാലങ്ങളുടെ അടിഭാഗത്താണു പദ്ധതി ഒരുക്കുന്നത്. മമ്പറം പാലം, മാതമംഗലം വണ്ണാത്തിക്കടവ് പുതിയ പാലം എന്നിവയാണു പദ്ധതിയിൽ ആദ്യഘട്ട പരിഗണനയിലുള്ളത്. പദ്ധതി നടപ്പാക്കാൻ ഇവ അനിയോജ്യമാണെന്നാണു പൊതുമരാമത്ത് റോഡ്‌സ് ആൻഡ് ബ്രിജ്‌സ് ജില്ലാ അധികൃതരുടെ കണക്കുകൂട്ടൽ. ഇതു സംബന്ധിച്ച വിവരങ്ങൾ സംസ്‌ഥാന അധികൃതർക്കു കൈമാറിയിട്ടുണ്ട്. കേരള ടൂറിസം ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡിൻ്റെ നേതൃത്വത്തിലാണു പദ്ധതി. പാർക്കുമായി ബന്ധപ്പെട്ടു സ്വകാര്യ സ്‌ഥാപനങ്ങളുടെ പരസ്യം പതിക്കാൻസൗകര്യമൊരുക്കും.
പാലങ്ങളുടെ വിസ്‌തൃതിക്ക് അനുസരിച്ചാണു സൗകര്യം ഉണ്ടാകുക. പൊതുമരാമത്തു വകുപ്പിൻ്റെ നിർമിതികളിൽ മാറ്റം വരുത്താനുള്ള രൂപകൽപനാ നയത്തിന്റെ ഭാഗമായാണു പാലങ്ങളുടെ അടിഭാഗം സുന്ദരമാക്കുന്നത്. റോഡുകൾ, പാലങ്ങൾ, സർക്കാർ കെട്ടിടങ്ങൾ, ടൂറിസ്‌റ്റ് കേന്ദ്രങ്ങൾ എന്നിവയുടെ നിർമിതികൾക്കു പ്രദേശങ്ങളുടെ പ്രത്യേകത അനുസരിച്ചു നയം നടപ്പാക്കുന്നതാണു രൂപകൽപനാ നയം. സംസ്ഥാനത്ത് 50 പാലങ്ങളാണ് ഇത്തരത്തിൽ പാർക്കിനായി കണ്ടെത്തിയിട്ടുള്ളത്. ആദ്യഘട്ട ത്തിൽ കൊല്ലം എസ്എൻ കോളജിനു സമീപത്തെയും നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള പാലത്തിന്റെയും അടിയിലാണു പാർക്ക് വരുന്നത്.