ചേലേരി :- പഠനത്തിനൊപ്പം വിനോദത്തിനും കാരുണ്യത്തിനും അവസരമൊരുക്കി ചേലേരി എ.യു.പി സ്കൂളിൽ ഒരുക്കിയ കാരുണ്യത്തക്കാരം സീസണ്‍ രണ്ട് നാടിന്റെ ഉത്സവമായി. ക്രിസ്മസ് ആഘോഷത്തിനൊപ്പം അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേർന്നൊരുക്കിയ അലിമെന്റോ ഫെസ്റ്റിൽ വ്യത്യസ്തമായ വിവിധ വിഭവങ്ങളാണ് മേശയിലെത്തിയത്. വിൽപ്പന ആരംഭിച്ച് മണിക്കൂറിനുള്ളിൽ തന്നെ വിഭവങ്ങളെല്ലാം വിറ്റൊഴിഞ്ഞു. രുചിച്ചു നോക്കുന്നതിനൊപ്പം കാരുണ്യ പ്രവർത്തനത്തിലും പങ്കാളികളാകുന്ന പരിപാടിക്ക് രക്ഷിതാക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.
വീടുകളിൽ നിന്ന് തയാറാക്കി എത്തിക്കുന്ന വിഭവങ്ങൾ വിൽക്കാനും കച്ചവടം നിയന്ത്രിക്കാനും കണക്ക് കൂട്ടാനുമെല്ലാം സ്കൂളിലെ വിദ്യാർഥികൾ തന്നെയാണ് എത്തിയത്. പരിപാടിയിൽ കൊളച്ചേരി പഞ്ചായത്ത് മെമ്പർമാരായ അജിത, ഗീത തുടങ്ങി രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ പ്രമുഖർ പങ്കെടുത്തു.