പത്തനംതിട്ട :- അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ എരുമേലി പേട്ടതുള്ളൽ ജനുവരി 12ന്. ആലങ്ങാട് സംഘം ഇന്നും അമ്പലപ്പുഴ സംഘം ജനുവരി 7നും രഥയാത്രയായി പുറപ്പെടും. അമ്പലപ്പുഴ സംഘം കൊച്ചമ്പലത്തിൽ.നിന്നാണ് പേട്ട തുടങ്ങുക. വാവരുപള്ളിയിലെത്തി പ്രദക്ഷിണം വച്ചു വാവരുസ്വാമിയെ വണങ്ങി വലിയമ്പലത്തിലേക്കു നീങ്ങും. തുടർന്ന് ആലങ്ങാട് സംഘത്തിൻ്റെ പേട്ടതുള്ളൽ. ആലങ്ങാട് സംഘം വാവരുപള്ളിയിൽ കയറില്ല. അമ്പലപ്പുഴ സംഘത്തോടൊപ്പം വാവരുസ്വാമിയും നീങ്ങിയെന്ന സങ്കൽപത്തിലാണിത്.
അമ്പലപ്പുഴ സംഘത്തിൻ്റെ കെട്ടുനിറ ജനുവരി 6 ന് നടക്കും. ജനുവരി 7 ന് പുലർച്ചെ അമ്പലപ്പുഴ ക്ഷേത്രത്തിൽ ദർശനം നടത്തി രഥയാത്രയായിട്ടാണു നീങ്ങുന്നത്. അന്ന് തകഴി, ജനുവരി 8 ന് കവിയൂർ, ജനുവരി 9 ന് മണിമല ക്ഷേത്രങ്ങളിൽ രാത്രി തങ്ങും. ജനുവരി 10 ന് മണിമലക്കാവിൽ ആഴിപൂജ. ജനുവരി 11ന് ഉച്ചകഴിഞ്ഞ് എരുമേലിയിലെത്തും.
ആലങ്ങാട് യോഗത്തിന്റെ രഥയാത്ര ഇന്ന് തലക്കോട്ടുപറമ്പ്, നാളെ പെരുമ്പാവൂർ, ജനുവരി 5 ന് കീഴില്ലം, ജനുവരി 6 ന് പുഴക്കരക്കാവ്, ജനുവരി 7 ന് കൂത്താട്ടുകുളം, ജനുവരി 8 ന് രാമപുരം, ജനുവരി 9 ന് ഇളംകുളം എന്നീ ക്ഷേത്രങ്ങളിൽ താമസിച്ച് 10 ന് ഉച്ചയോടെ എരുമേലിയിലെത്തും.