കണ്ണൂർ :- കണ്ണൂർ ഷീൻ ബേക്കറിയുടെ തളാപ്പിലെ പലഹാര നിർമ്മാണ യൂണിറ്റിൽ നിന്നും മലിന ജലം ഒഴുക്കി വിട്ടതായി ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമ ലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ടെത്തി. സ്ഥാപനത്തിലെ മലിന ജലശുദ്ധീകരണ പ്ലാന്റ് പ്രവർത്തന ക്ഷമമായിരുന്നില്ല. അതിൽ നിന്നുളള മലിന ജലം തൊട്ടടുത്ത തുറസായ സ്ഥലത്തേയ്ക്കും ഓവുചാലിലേക്കും ഒഴുക്കിവിട്ടതായി തദ്ദേശ വാസികൾ പരാതിപ്പെട്ടിരുന്നു. സ്ഥാപനത്തിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിപത്രം ഉണ്ടായിരുന്നില്ലെന്നും സ്ക്വാഡ് കണ്ടെത്തി.
മലിനജല ശുദ്ധീകരണ പ്ലാന്റ് ഉടൻ തന്നെ പ്രവർത്തനക്ഷമമാക്കുന്നതിനും അതുവരെ ബദൽ സംവിധാനം ഏർപ്പെടുന്നതിനും സ്ക്വാഡ് സ്ഥാപന ഉടമയ്ക്ക് നിർദ്ദേശം നൽകി. കേരള മുനിസിപ്പാലിറ്റി ആക്ട് അനുസരിച്ച് സ്ഥാപന ഉടമയ്ക്ക് ഇരുപത്തിഅയ്യായിരം രൂപ പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ണൂർ കോർപ്പറേഷന് നിർദ്ദേശം നൽകി .
ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്‌മെന്റ് ഓഫീസർ കെ.ആർ അജയകുമാർ, ടീമംഗം ഷെറീകുൽ അൻസാർ , കോർപറേഷൻ പബ്ളിക്ക് ഹെൽത്ത് ഇൻസ്പെക്ടർ സി.ഹംസ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.