മുംബൈ :- കപ്പലുകൾക്കുനേരേ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ നാവികസേന അറബിക്കടലിൽ നിരീക്ഷണം ശക്തമാക്കി. സമുദ്രസുരക്ഷ ഏറ്റെടുക്കുന്നതിനും അപകടമുണ്ടായാൽ കപ്പലുകളെ സഹായിക്കുന്നതിനും നാവികസേന ദൗത്യസേനയെ വിന്യസിച്ചു. വിവിധമേഖലകളിൽ മിസൈൽ നശീകരണശേഷിയുള്ള ഐ.എൻ.എസ് മോർ മുഗാവോ, ഐ.എൻ.എസ് കൊച്ചി, ഐ.എൻ.എസ് കൊൽക്കത്ത എന്നിവയെ വിന്യസിച്ചു. ആകാശ നിരീക്ഷണവും ശക്തമാക്കി. പടിഞ്ഞാറൻ നാവികസേന കമാൻഡിന്റെ മാരിടൈം ഓപ്പറേഷൻസ് സെന്റർ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് നാവികസേനാ ഉദ്യോഗസ്ഥർ അറിയിച്ചു.
ചെങ്കടൽ, ഏദൻ ഉൾക്കടൽ, മധ്യ -വടക്കൻ അറബിക്കടൽ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര കപ്പൽപ്പാതകളിലൂടെ സഞ്ചരിച്ച കപ്പലുകൾക്ക് ഏതാനും ആഴ്ചകളായി സുരക്ഷാ ഭീഷണിയുണ്ടായിരുന്നു. ഇന്ത്യൻ തീരത്തിനടുത്ത് രണ്ട് വ്യാപാരക്കപ്പലുകൾ ആക്രമണത്തിനിരയായിട്ടുണ്ട്.