ബെംഗളുരു :- ഹെൽമെറ്റ് ധരിക്കാതെയും സിഗ്നൽ തെറ്റിച്ചും മൊബൈലിൽ സംസാരിച്ചും സ്കൂട്ടറോടിച്ച് 350 നിയമലംഘനങ്ങൾ നടത്തിയ സ്‌കൂട്ടർ ഉടമയ്ക്ക് 3.2 ലക്ഷം രൂപ പിഴ. ബെംഗളൂരു ട്രാഫിക് പോലീസാണ് സുധാമനഗർ സ്വദേശിയായ വെങ്കിടരാമന് പിഴ ചുമത്തിത്. കഴിഞ്ഞ ഒന്നരവർഷത്തോളമായി സ്ഥിരമായി ഇയാൾ നിയമലംഘനം നടത്തുന്നുണ്ടെന്ന്പോലീസ് പറഞ്ഞു. ഗതാഗതനിയമം ലംഘിക്കുന്നവർക്കെതിരേ നടപടി ശക്തമാക്കുന്നതിൻ്റെ ഭാഗമായി പിഴക്കുടിശ്ശികയുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനിടെയാണ് വെങ്കിടരാമൻ്റെ തുടർച്ചയായ നിയമലംഘനങ്ങൾട്രാഫിക് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് പിഴയടക്കണമെന്നാവശ്യപ്പെട്ട് ഇയാളുടെ വീട്ടിലെത്തിയ ട്രാഫിക് പോലീസ് നോട്ടീസ് കൈമാറുകയായിരുന്നു. തൻ്റെ സ്കൂട്ടറിന് 30,000 രൂപയേ വില വരികയുള്ളൂവെന്നും പിഴ ഒഴിവാക്കിത്തരണമെന്നും ഇയാൾ ആവശ്യപ്പെട്ടെങ്കിലും ശക്തമായ നടപടിയുമായി മുന്നോട്ടുപോകാനാണ് അധികൃതരുടെ തീരുമാനം. പിഴയൊടുക്കിയില്ലെങ്കിൽ കേസെടുക്കുമെന്ന് ട്രാഫിക് പോലീസ് താക്കീത് നൽകിയിട്ടുണ്ട്. അതേസമയം, പിഴ ഗഡുക്കളായി അടയ്ക്കാനുള്ള സൗകര്യമൊരുക്കും. രണ്ടാഴ്ചയായി നഗരത്തിൽ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ ശക്തമായ പരിശോധനകൾ നടത്തിവരികയാണ് ബെംഗളൂരു ട്രാഫിക് പോലീസ്.