മസ്കറ്റ് :- ഒമാനിൽ കനത്തമഴയിൽ മലയാളി ഒഴുക്കിൽപ്പെട്ടു മരിച്ചു. ആലപ്പുഴ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. ശർഖിയ ഗവർണറേറ്റിലെ ഹിബ്ര മേഖലയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ മഴയിലായിരുന്നു സംഭവം. ആലപ്പുഴ സ്വദേശി മഴവെള്ളപ്പാച്ചിലിൽ പെടുകയായിരുന്നു. അതേസമയം, ഒമാനിൽ മഴ അൽപ്പം ശമിച്ചിട്ടുണ്ട്. കനത്തമഴയിൽ അഞ്ചു മരണം സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടയിലാണ് ഒഴുക്കിൽപെട്ട് മലയാളി മരിച്ചതായും പുറത്ത് വരുന്നത്. ഇയാളുടെ മൃതേദഹം അപകടം നടന്ന സ്ഥലത്തെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഒമാനിലെ ഇസ്‌കിയിൽ ഇന്നലെ വൈകിട്ട് ഉണ്ടായ അപകടത്തിൽ 4 പേരുമായി വന്ന വാഹനം വാദിയിലേക്ക് മറിഞ്ഞ് ഒരു സ്ത്രീ മരണപ്പെട്ടിരുന്നു. അൽ ദഖിലിയ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ് ഇസ്‌കിയിലെ വാഡിയിലേക്ക് മറിഞ്ഞ വാഹനത്തിൽ കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തിയത്. അപകടത്തിൽപ്പെട്ട സ്ത്രീയുടെ മൃതദേഹം ഇന്ന് രാവിലെ സിഡിഎഎ റെസ്ക്യൂ ടീം കണ്ടെത്തി. കൂടാതെ ഇന്നലെ മൂന്ന് കുട്ടികളും ഒഴുക്കിൽപെട്ടിരുന്നു. ഇവരുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. കനത്തമഴയിൽ അഞ്ച് മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.