ചെന്നൈ :- കോവിഡ് ബാധയ്ക്കുശേഷം ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങൾക്ക് ഏറ്റവുമധികം ക്ഷതം നേരിട്ടത് ഇന്ത്യക്കാർക്കെന്ന് പഠനറിപ്പോർട്ട്. ഓക്സിജൻ രക്തത്തിലേക്ക് കടത്തിവിടുന്നതിനുള്ള ശ്വാസകോശത്തിൻ്റെ ശേഷി കുറയുന്നതാണ് കോവിഡനന്തര ശ്വാസകോശക്ഷതത്തിന്റെ പ്രധാന പ്രത്യാഘാതമെന്ന് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി.
ഇന്ത്യയിൽ തീവ്ര കോവിഡ് ബാധിച്ചവരിൽ 49.1 ശതമാനം കിതപ്പ് പോലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. യൂറോപ്പിൽ ഇത് 43 ശതമാനമാണ്. ചൈനയിൽ അതിലും കുറവാണ്. ഭൂരിപക്ഷം പേർക്കും ഒരുവർഷത്തിനകം ശ്വാസകോശത്തിന്റെ പ്രവർത്തനം സാധാരണനിലയിലാവുന്നു ണ്ടെങ്കിലും ചിലർക്ക് ജീവിതകാലംമുഴുവൻ പ്രശ്നം നേരിടുന്നു. കഠിനമായി കോവിഡ് ബാധിച്ച 207 പേരിലാണ് വെല്ലൂരിലെ ഗവേഷകർ പഠനം നടത്തിയത്. യൂറോപ്പിലും ചൈനയിലും നടന്ന സമാനഗവേഷണങ്ങളെ ഇതുമായി താരതമ്യം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്. പി.എൽ.ഒ.എസ്. ഗ്ലോബൽ പബ്ലിക് ഹെൽത്ത് ജേണലിലാണ് ഇതിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
വ്യായാമം ചെയ്യുമ്പോഴുള്ള കിതപ്പായാണ് ഭൂരിഭാഗമാളുകളിലും കോവിഡനന്തര ശ്വാസകോശക്ഷതം പ്രകടമാകുന്നത്. 44 ശതമാനം പേർക്കും അന്തരീക്ഷവായുവിൽനിന്ന് ഓക്സിജൻ രക്തത്തിലേക്ക് കടത്തി വിടുന്നതിനുള്ള ഗ്യാസ് ട്രാൻസ്‌ഫർ ശേഷി കുറഞ്ഞതായി പരിശോധനയിൽ കണ്ടെത്തി. പ്രമേഹംപോലുള്ള രോഗങ്ങളുടെ സാന്നിധ്യവും അന്തരീക്ഷമലിനീകരണവുമാകാം കാരണമെന്നാണ് നിഗമനം. സ്ഥിരം വ്യായാമംചെയ്യുന്നതും ശ്വസനക്രിയകൾ പരിശീലിക്കുന്നതും പ്രശ്നങ്ങൾ ലഘൂകരിക്കാൻ സഹായിക്കുമെന്നാ ണ് വിദഗ്‌ധർ പറയുന്നത്.