കണ്ണൂർ :- 'സമരാഗ്നി' ജനകീയ പ്രക്ഷോഭ യാത്ര ശനിയാഴ്ച ജില്ലയിൽ പര്യടനം നടത്തും. വൈകീട്ട് കളക്ടറേറ്റ് മൈതാനത്ത് നടക്കുന്ന മഹാസമ്മേളനം കേരളത്തിൻ്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഉദ്ഘാടനം ചെയ്യും. പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമ്മേളനത്തിൽ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും നേതാക്കൾ പങ്കെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു
ഉച്ചയ്ക്ക് 2.30-ന് കരിവെള്ളൂർ ആണൂരിൽ ജില്ലാ നേതാക്കളുടെ നേതൃത്വത്തിൽ സമരാഗ്നി ജാഥയെ സ്വീകരിക്കും. പയ്യന്നൂർ, തളിപ്പറമ്പ്, ചിറവക്ക് വഴി ശ്രീകണ്ഠപുരം, ഇരിക്കൂർ, മട്ടന്നൂർ കോളേജ് വഴി മട്ടന്നൂർ ടൗണിലേക്ക് പ്രക്ഷോഭയാത്ര നീങ്ങും. ജില്ലയിലെ ആദ്യത്തെ മഹാ സമ്മേളനം നടക്കുക മട്ടന്നൂർ ടൗണിലാണ്. മട്ടന്നൂർ സർക്കിളിൽ നിന്ന് യാത്രയെ സ്വീകരിച്ചാനയിക്കും. മട്ടന്നൂരിലെ പൊതുയോഗത്തിനു ശേഷമാണ് യാത്ര കണ്ണൂർ ടൗണിലേക്ക് നീങ്ങുക. വൈകീട്ട് കാൽടെക്സിൽ നിന്ന് തുടങ്ങുന്ന സ്വീകരണ.റാലി പൊതുസമ്മേളനം നടക്കുന്ന കളക്ടറേറ്റ് മൈതാനത്ത് എത്തിച്ചേരും. ഫെബ്രുവരി 11 ന് രാവിലെ 9.30 ന് കണ്ണൂർ പയ്യാമ്പലത്തെ ഹോട്ടൽ പാംഗ്രൂവിൽ കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും പങ്കെടുക്കുന്ന ജനകീയ ചർച്ചാ സദസ്സ് നടക്കും.