അന്തരീക്ഷത്തിൽ ചൂട് കൂടുകയാണ്. വേനൽക്കാലത്ത് കഴിക്കുന്ന തീറ്റയുടെ അളവിൽ കുറവുവരുന്നത് പശുക്കളിൽ പാലുത്പാദനത്തെ ബാധിക്കുന്നു. വേനൽച്ചൂട് മൃഗങ്ങളുടെ രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നതിനാൽ പലരോഗങ്ങളും ഉണ്ടാകും. അന്തരീക്ഷ ഊഷ്മാവ് കൂടുമ്പോൾ ശരീരതാപനില ഉയരുകയും കോശങ്ങളിലെ ജലം ഉപയോഗപ്പെടുത്തി ശരീരം ജീവൻ നിലനിർത്തുകയും ചെയ്യും. ഇത് നിർജലീകരണത്തിന് കാരണമാവുകയും രോഗാവസ്ഥയിലേക്ക് എത്തുകയും ചെയ്യും.
ലക്ഷണങ്ങൾ
വരണ്ടതൊലി, കുഴിഞ്ഞ കണ്ണുകൾ, മൂക്ക്, മോണ, കൺപോള എന്നിവ വരളുക, ചുണ്ടുകൾ നക്കുക, മറ്റുള്ളവയെ ചവിട്ടുകയും കുത്തുകയും ചെയ്യുക, തീറ്റകുറയുക, ഭാരക്കുറവ്, ശരീരം ശോഷിക്കുക, മൂത്രത്തിന്റെ അളവ് കുറയുക, ചലനമറ്റുകിടക്കുക എന്നിവയാണ് പ്രകടമായ ലക്ഷണങ്ങൾ.
പ്രതിരോധമാർഗങ്ങൾ
ഭക്ഷണത്തിൽ മാംസ്യത്തിൻ്റെയും ഊർജദായകമായ കൊഴുപ്പിൻ്റെയും അളവുകൂട്ടുകയും നാരിന്റെ അംശം കുറയ്ക്കുകയും ചെയ്യണം. ഇതിനായി പരുത്തിക്കുരു, സോയാബീൻ എന്നിവ തീറ്റയിൽ ഉൾപ്പെടുത്താം.
ഖരാഹാരം നൽകുന്നത് രാവിലെയും വൈകീട്ടുമായി പരിമിതപ്പെടുത്തണം. പച്ചപ്പുല്ല് ലഭ്യമല്ലെങ്കിൽ പച്ച ഇലകൾ, ഈർക്കിൽ കളഞ്ഞ പച്ച ഓല തുടങ്ങിയവയും നൽകാം.
പോഷകാഹാരക്കുറവ് പശുക്കൾക്ക് വേനൽക്കാല വന്ധ്യതയ്ക്ക് കാരണമാകുന്നു. കൃത്രിമ ബീജാധാനത്തിൻ്റെ സമയത്തെ ശരീരോഷ്ടാവ് ഗർഭധാരണത്തിന് വളരെ നിർണായകമാണ്. ബീജാധാനത്തിന് ഒന്നു രണ്ടാഴ്ചകളിലും ഗർഭകാലത്തിൻ്റെ അവസാനത്തെ രണ്ടു മൂന്നു മാസങ്ങളിലും അത്യുഷ്ണം മൂലമുള്ള സമ്മർദം കുറയ്ക്കുന്നതിന് ശ്രദ്ധിക്കണം.
പേൻ, ചെള്ള്, ഈച്ച എന്നിവ പെരുകുന്നത് ഒഴിവാക്കാൻ ശ്രദ്ധയും പരിചരണവും ഉറപ്പാക്കണം.
തൊഴുത്തിന്റെ മേൽക്കൂരയ്ക്ക് മുകളിൽ ചാക്ക്, വൈക്കോൽ എന്നിവ നിരത്തി വെള്ളം തളിക്കുന്നത് തൊഴുത്തിലെ ചൂടുകുറയ്ക്കാൻ സഹായിക്കും. തൊഴുത്തിനു ചുറ്റും കൃഷി, മുകളിൽ പടർന്നു വളരുന്ന പച്ചക്കറിക്ക്യഷി തണൽ വൃക്ഷങ്ങളുടെ സാമീപ്യം എന്നിവ വളരെ ഗുണംചെയ്യും. ദിവസേന ഒന്നോ രണ്ടോ പ്രാവശ്യം പശുക്കളെ കുളിപ്പിക്കുന്നതും തൊഴുത്തിൽ ഫാനിടുന്നതും നല്ലതാണ്.
പകൽസമയത്ത് താപനില കൂടുതലുള്ളതിനാൽ രാവിലെ 10 മുതൽ വൈകീട്ട് മൂന്നുവരെ വെയിലത്ത് കെട്ടിയിടരുത്. വൈകീട്ട് മൂന്നിനുശേഷമുള്ള മേയലാണ് നല്ലത്. ബാക്കിസമയം തൊഴുത്തിൽ നല്ല തണലുള്ള സ്ഥലത്ത് നിർത്തണം. ശുദ്ധജലം കുടിക്കാൻ നൽകണം. വേനൽക്കാലത്ത് പശുക്കൾക്ക് ആവശ്യമായ വെള്ളത്തിൻ്റെ അളവിൽ ഒന്നു മുതൽ രണ്ടുമടങ്ങുവരെ വർധനവരുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്.
പുറത്ത് വെള്ളം വീഴാവുന്ന രീതിയിൽ ഷവറുകൾ അല്ലെങ്കിൽ സ്പ്രിംഗ്ലറുകൾ ഘടിപ്പിക്കുകയും ചൂടുകൂടുന്ന സമയങ്ങളിൽ രണ്ടു മണിക്കൂർ ഇടവേളയിൽ മൂന്നു മിനിറ്റുനേരം വെള്ളം തുറന്നുവിടുകയും ചെയ്യണം.
തൊഴുത്തിൽ വായുസഞ്ചാരം ഉറപ്പാക്കണം. മേൽകൂരയ്ക്ക് തറയിൽനിന്ന് 10 അടി പൊക്കം വേണം.
വേനൽക്കാലം തുടങ്ങുന്നതിനു മുമ്പേ ഉരുക്കൾക്ക് വിരമരുന്നുകളും പ്രതിരോധ കുത്തിവെപ്പുകളും നൽകിയിരിക്കണം.