തിരുവനന്തപുരം :- കൊടുംചൂടിൽ കേരളത്തിലെ ദിവസേനയുള്ള വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് പിന്നിട്ടു. തിങ്കളാഴ്ച 10.02 കോടി യൂണിറ്റാണ് വേണ്ടിവന്നത്. മാർച്ചിൽത്തന്നെ ഇത്രയധികം വൈദ്യുതി വേണ്ടിവരുന്നത് ചരിത്രത്തിലാദ്യം. ഇതോടെ വൈദ്യുതി ബോർഡിൻ്റെ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായി.
സ്ഥിതി വിലയിരുത്താൻ ബുധനാഴ്ച മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു. വൈദ്യുതി ഉപഭോഗത്തിലെ സർവകാല റെക്കോഡ് കഴിഞ്ഞവർഷം ഏപ്രിൽ 19-നായിരുന്നു. അന്ന് 10.3 കോടി യൂണിറ്റാണ് എരിഞ്ഞത്. ഇതിൽ 7.88 കോടിയും കേരളത്തിനു പുറത്തുനിന്ന് വാങ്ങിയതാണ്. മിക്കജില്ലകളിലും ചൂട് ഇപ്പോൾ ശരാശരിയിൽനിന്ന് രണ്ടുമുതൽ നാലു ഡിഗ്രിവരെ കൂടുതലാണ്. എയർകണ്ടീഷണറുകളും ഇ-വാഹനങ്ങളും പെരുകിയതാണ് ഉപഭോഗം കൂടാൻ കാരണം.