മയ്യിൽ :- ''അവധിക്കാലത്ത് എത്ര പുസ്തകങ്ങൾ വായിക്കും?" എന്ന പേരിൽ കുട്ടികൾക്കായി വായനാചലഞ്ച് ഒരുക്കിതായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം. സഫ്ദർഹാഷ്മി ഗ്രന്ഥാലയം വേനലവധിക്കാലത്ത് സംഘടിപ്പിക്കുന്ന വായനാചലഞ്ചിൻ്റെ രണ്ടാം പതിപ്പാണിത്. ബിനോയ് മാത്യു അവധിക്കാല വായനശാല ഉദ്ഘാടനം ചെയ്തു. ഉജ്വലബാല്യം പുരസ്കാര ജേതാവ് കെ.വി മെസ്ന, അഖില കേരള വായനാമത്സരവിജയി എൻ.കെ ദേവാഞ്ജന എന്നിവർ അതിഥിയായി. അണിമഷാജി അധ്യക്ഷയായി. കെ വൈശാഖ്, ആർ.ശിവദ, ശ്രീനിമ അശോക്, ഋഷി.എസ്, കാർത്തിക് എന്നിവർ സംസാരിച്ചു.
ചലഞ്ചിൽ സ്വയം നിശ്ചയിക്കുന്ന എണ്ണം പുസ്തകങ്ങൾ വായിക്കുന്നവർക്കെല്ലാം സമ്മാനങ്ങളുമുണ്ട്. മുപ്പത് പുസ്തകങ്ങളുടെ ഗോൾഡൺ ചലഞ്ച്, അമ്പത് പുസ്തകങ്ങളുടെ പ്ലാറ്റിനം ചലഞ്ച്, എഴുപത് പുസ്തകങ്ങളുടെ ഡയമണ്ട് ചലഞ്ച് എന്നിവയിൽ ഏതെങ്കിലുമൊന്ന് കുട്ടികൾക്ക് തെരഞ്ഞെടുക്കാം. ഡയമണ്ട് ചലഞ്ച് വിജയികൾക്ക് വിസ്മയ വാട്ടർ തീം പാർക്കിൽ ഒരു ദിനം മുഴുവൻ അർമാദിക്കാം. വായിച്ച പുസ്തകങ്ങൾക്കെല്ലാം കുറിപ്പോ ചിത്രീകരണമോ കുഞ്ഞു വീഡിയോയോ ആസ്വാദന അവതരണമോ വേണം. ഇവയെല്ലാം ചേർത്ത് ബാലവേദി ഇൻ്ററാക്ടീവ് പുസ്തകവും പ്രസിദ്ധീകരിക്കും.