വടകര :- മിനിമം താങ്ങുവില പദ്ധതി പ്രകാരം കൊപ്രയും ഉണ്ടക്കൊപ്രയും സംഭരിക്കാൻ കേരളത്തിന് കേന്ദ്ര കൃഷി- കർഷക ക്ഷേമമന്ത്രാലയം അനുമതി നൽകി. 30,000 ടൺ കൊപ്രയും 3000 ടൺ ഉണ്ടക്കൊപ്രയും സംഭരിക്കാനാണ് അനുമതി. നാഫെഡ് മുഖേനയാണ് സംഭരണം. ഇതിനുമുമ്പ് ഒരിക്കൽ മാത്രമാണ് കേരളത്തിൽ നിന്ന് ഉണ്ടക്കൊപ്ര താങ്ങുവിലയ്ക്ക് സംഭരിച്ചത്.
ഇത്തവണ ഏറെ വൈകിയാണ് കേരളം കൊപ്ര സംഭരണത്തിന് അനുമതി തേടിയത്. ഇതിനിടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അനുമതി പെരുമാറ്റച്ചട്ടത്തിൽ കുടുങ്ങി. കമ്മിഷൻ്റെ അനുമതിയോടെയാണ് കേന്ദ്ര കൃഷി മന്ത്രാലയം അനുമതി നൽകിയത്. ചൊവ്വാഴ്ച വൈകീട്ടോടെ ഇ-മെയിൽ സന്ദേശം സംസ്ഥാനകൃഷിവകുപ്പ് സെക്രട്ടറിക്ക് ലഭിച്ചു. ഇനി സംഭരണത്തിന്റെ സംസ്ഥാനതല നോഡൽ ഏജൻസിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കണം. ഇത് പുറത്തിറക്കാനുള്ള നടപടികൾ കൃഷിവകുപ്പ് ആരംഭിച്ചിട്ടുണ്ട്. മുൻവർഷത്തേതു പോലെ വി.എഫ്. പി.സി.കെ, മാർക്കറ്റ്ഫെഡ് എന്നിവ വഴിയായിരിക്കും സംഭരണം.
പച്ചത്തേങ്ങ സംഭരിച്ച് ഇത് കൊപ്രയാക്കി മാറ്റുന്ന വിധത്തിലാണ് സംഭരണമെങ്കിൽ ഇതിൻ്റെ വിശദാംശങ്ങളും ഉത്തരവായി പുറത്തുവരണം. ഉണ്ടക്കൊപ്ര സംഭരണം മുൻവർഷങ്ങളിൽ ഇല്ലാത്തതിനാൽ ഇത് ഏതുവിധത്തിലായിരിക്കണം എന്നതുസംബന്ധിച്ചും നിർദേശം വരേണ്ടതുണ്ട്. തമിഴ്നാട്ടിൽ കൊപ്രസംഭരണം തുടങ്ങി ക്കഴിഞ്ഞു. കർണാടകയിൽ കൊപ്ര, ഉണ്ടക്കൊപ്ര എന്നിവ സംഭരിക്കുന്നതിനുള്ള കർഷക രജിസ്ട്രേഷനും തുടങ്ങി.