PSLV റോക്കറ്റിന്റെ മൊഡ്യൂൾ ഭൂമിയിൽ തിരിച്ചെത്തിച്ചു




ബെംഗളൂരു :- എക്സ്പോസാറ്റ് ഉപഗ്രഹ ത്തെ ഭ്രമണപഥത്തിലെത്തിച്ച പി.എ സ്‌.എൽ.വി - സി 58 റോക്കറ്റിന്റെ ഭാഗമായ ഓർബിറ്റൽ എക്സ്‌പെരിമെന്റൽ മൊഡ്യൂൾ-3 നെ (പി.ഒ.ഇ.എം-3) ഭൂമിയിൽ തിരിച്ചെത്തിച്ചു. ഈ മാസം 21-ന് രാത്രി 7.34-നാണ് പേടകമാതൃകയിലുള്ള പി.ഒ.ഇ.എം - 3 ഭൗമാന്തരീക്ഷത്തിൽ തിരിച്ചെത്തി പസഫിക് സമുദ്രത്തിൽ പതിച്ചത്. ഭ്രമണ പഥത്തിൽ ബഹിരാകാശ മാലിന്യം അവശേഷിപ്പിക്കാതെ തിരിച്ചെത്തിക്കാൻ കഴിഞ്ഞത് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയ്ക്ക് (ഐ.എസ്.ആർ.ഒ) നേട്ടമായി. ബഹിരാകാശത്തെ എക്സ്റേ കിരണങ്ങളുടെ പഠനത്തിനായി കഴിഞ്ഞ ജനുവരി ഒന്നിനാണ് എക്സ്പോസാറ്റ് ഉപഗ്രഹം വിക്ഷേപിച്ചത്.

ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച ശേഷം പി.എസ്.എൽ.വി യുടെ ഒരു ഭാഗം പേടകമാതൃകയിലേക്ക് രൂപാന്തരപ്പെടുകയായിരുന്നു. 650 കിലോമീറ്റർ ഉയരത്തിൽനിന്ന് താഴ്ന്ന് 350 കിലോമീറ്റർ ഉയരത്തിലെത്തിയ ശേഷമാണ് ഭൂമിയിൽ തിരിച്ചെത്തിച്ചത്. ശാസ്ത്രീയ പരീക്ഷണങ്ങൾക്കായി ഒമ്പത് പേലോഡുകളാണ് പി.ഒ.ഇ.എം -3 യിൽ ഉണ്ടായിരുന്നത്. ഇവയുടെ ദൗത്യലക്ഷ്യങ്ങൾ വിക്ഷേപണം നടന്ന് ഒരു മാസത്തിനകം പൂർത്തീകരിച്ചിരുന്നെന്ന് ഐ.എസ്. ആർ.ഒ അറിയിച്ചു.

Previous Post Next Post