ന്യൂഡൽഹി :- താങ്ങുവില ഉൾപ്പെടെയുള്ള വിഷയത്തിൽ അനുകൂല നിലപാടു സ്വീകരിക്കാത്ത കേന്ദ്രസർക്കാരിനെതിരായ സമരം ശക്‌തമാക്കാൻ കർഷകർ തീരുമാനിച്ചു. ആയിരക്കണക്കിനു കർഷകർ അണിനിരന്ന കിസാൻ മസ്‌ദൂർ മഹാപഞ്ചായത്തിലാണു സമരം ശക്തമാക്കാനുള്ള പ്രമേയം പാസാക്കിയത്. വിവാദ കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു 2021ൽ നടന്ന പ്രതിഷേധങ്ങൾക്കു ശേഷം ഡൽഹി കണ്ട ഏറ്റവും വലിയ കർഷക പ്രതിഷേധമായിരുന്നു ഇന്നലെ രാംലീല മൈതാനത്ത് നടന്നത്.
കർഷകർ ആഹ്വാനം ചെയ്ത് ദില്ലി ചലോ മാർച്ച് പഞ്ചാബ്- ഹരിയാന അതിർത്തിയിൽ തടഞ്ഞിരുന്നു. അതേസമയം, സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നടന്ന കർഷക മഹാപഞ്ചായത്തിൽ പഞ്ചാബ്, ഹരിയാന, യുപി തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെല്ലാം കർഷകർ പങ്കെടുത്തു.