തിരുവനന്തപുരം :- കനത്ത ചൂടു തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വീണ്ടും 10 കോടി യൂണിറ്റിനു മുകളിലായി. ശനിയാഴ്ച 10.17 കോടി യൂണിറ്റ് വൈദ്യുതിയാണ് ആകെ വേണ്ടി വന്നത്. കൂടുതൽ വൈദ്യുതി ആവശ്യമുള്ള വൈകിട്ട് 6 മുതൽ 11 വരെ (പീക്ക്) സമയത്ത് 4977 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിച്ചത്. കൂടുതൽ വൈദ്യുതി വേണ്ടി വരുന്ന പമ്പ് സെറ്റ്, എസി, വാഷിങ് മെഷീൻ, ഇസ്തിരിപ്പെട്ടി തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കാൻ വൈദ്യുതി വകുപ്പ് ബോധവൽക്കരണം നടത്തുന്നുണ്ട്.
രാത്രിയിലെ വൈദ്യുതിയാവശ്യം 5500 മെഗാവാട്ടിന് മുകളിലേക്ക് കുതിക്കുമെന്നാണ് സ്ഥിതി. വൈദ്യുതി ഉപഭോഗം 104.6 ദശലക്ഷം യൂണിറ്റിലുമെത്തി. പുറമേനിന്നുള്ള വൈദ്യുതിലഭ്യതയും പ്രശ്നത്തിലാകുമെന്ന സൂചനകളും വന്നു തുടങ്ങി. വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഡാമുകളിൽ ഇപ്പോൾ ശേഷിക്കുന്നത് സംഭരണശേഷിയുടെ 46 ശതമാനം വെള്ളം മാത്രമാണ്. മഴക്കാലമെത്തും വരെ 10 ശതമാനം വെള്ളമെങ്കിലും സൂക്ഷിക്കണമെന്നതും ചെളിയും മണലുമടിഞ്ഞ് സംഭരണശേഷി കുറഞ്ഞതും കണക്കിലെടുക്കണം. വൈദ്യുതി വാങ്ങുന്ന പവർ എക്സ്ചേഞ്ചുകളിൽ വൈദ്യുതി യൂണിറ്റിന് പരമാവധി 10 രൂപയാക്കി നിശ്ചയിച്ചിട്ടുണ്ട്. ഇത് കൂട്ടാൻ സാധ്യമല്ല. എന്നാൽ, എക്സ്‌ചേഞ്ചിലെ രണ്ടാം മാർക്കറ്റായ ഹൈപ്രസ് മാർക്കറ്റ് വഴി വൈദ്യുതി വിൽക്കാനുള്ള ശ്രമം സ്വകാര്യ വൈദ്യുതി ഉത്പാദകർ തുടങ്ങിയിട്ടുണ്ട്. ഇവിടെ യൂണിറ്റിന് പരമാവധി 20 രൂപയാണ് നിരക്ക്.