ന്യൂഡൽഹി :- ഇന്ത്യയുടെ ജനസംഖ്യ 144.17 കോടിയായെന്ന് യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് റിപ്പോർട്ട്. ജനസംഖ്യയിൽ ഇന്ത്യ ലോകത്ത് ഒന്നാംസ്ഥാനത്ത് തുടരുന്നു. 142.5 കോടിയോടെ ചൈന രണ്ടാംസ്ഥാനത്താണ്. യു .എൻ.എഫ്.പി.എ (യുണൈറ്റഡ് നാഷൻസ് ഫണ്ട് ഫോർ പോപ്പുലേഷൻ ആക്ടിവിറ്റീസ്) തയ്യാറാക്കിയ 'ലോക ജനസംഖ്യയുടെ സ്ഥിതി-2024' റിപ്പോർട്ടിലാണ് കണക്കുകൾ.
ഇന്ത്യയുടെ ജനസംഖ്യയിൽ 24 ശതമാനം പേർ 14 വയസ്സുവരെ പ്രായമുള്ളവരും 17 ശതമാനം പേർ 10 വയസ്സുമുതൽ 19 വയസ്സുവരെ പ്രായമുള്ളവരുമാണ്. 77 വർഷം കൊണ്ട് ഇന്ത്യയുടെ ജനസംഖ്യ ഇരട്ടിയായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ 10 വയസ്സുമുതൽ 24 വയസ്സുവരെ പ്രായമുള്ളവർ 26 ശതമാനമുണ്ട്. 15 മുതൽ 64 വയസ്സുവരെയുള്ളവർ 68 ശതമാനമാണ്. ഏഴുശതമാനം 65 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരാണ്.
പുരുഷൻമാരുടെ ആയുർദൈർഘ്യം 71 വയസ്സും സ്ത്രീകളുടെ ആയുർദൈർഘ്യം 74 വയസ്സുമാണ്. 2006-നും 2023-നും ഇടയിൽ ഇന്ത്യയിൽ ശൈശവവിവാഹത്തിന്റെ തോത് 23 ശതമാനമാണ്. ഇന്ത്യയിൽ പ്രസവത്തോടനുബന്ധിച്ച മരണനിരക്ക് വൻ തോതിൽ കുറഞ്ഞിട്ടുണ്ട്. ലോകവ്യാപകമായി എട്ടുശതമാനമാണ് ഇത്തരത്തിലുള്ള മരണത്തിൻ്റെ തോത്. കാര്യക്ഷമമായ ആരോഗ്യപരിരക്ഷ എളുപ്പത്തിൽ അമ്മമാർക്ക് ലഭിക്കുന്നതും ലിംഗവിവേചനപ്രശ്നങ്ങൾ കൃത്യമായി പരിഹരിക്കുന്നതുമാണ് ഇന്ത്യയുടെ ഈ നേട്ടത്തിന് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.