നാറാത്ത്:- പ്രശസ്‌ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ (62) നിര്യാതനായി. സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്ക്‌കാരങ്ങൾ നേടിയ കളിയാട്ടം, കർമ്മയോഗി, സമവാക്യം, അന്യലോകം, പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്.
മുയൽ ഗ്രാമം, രവി ഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികൾ), ബലൻ (സ്മരണകൾ), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ കൃതി), കാശി (നോവൽ) എന്നീ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
പരേതരായ സി.എച്ച്. പദ്മനാഭന്‍ നമ്പ്യാരുടേയും സി.എം. ജാനകി അമ്മയുടേയും മകനാണ്.സുരേഷ്‌ഗോപി ഭരത് അവാര്‍ഡ് നേടിയ കളിയാട്ടം ആണ് ബല്‍റാമിനെ ശ്രദ്ധേയനാക്കിയത്.
നാറാത്ത് സ്വദേശിനിയായ കെ എൻ സൗമ്യയാണ് ഭാര്യ. മകൾ ഗായത്രി ബൽറാം. സഹോദരങ്ങൾ: ജയറാം, ശൈലജ, ഭാർഗവറാം, ലതീഷ്.
അസുഖ ബാധിതനായി ഏറെ നാൾ ചികിത്സ യിലായിരുന്നു ഇദ്ദേഹം. സുരേഷ് ഗോപി അടക്കം നിരവധി പ്രമുഖർ ഇദ്ദേഹത്തെ സന്ദർശിക്കാനും ഇദ്ദേഹത്തിൻ്റെ പുസ്തകം പ്രകാശനം ചെയ്യാനുമായി നാറാത്ത് വിട്ടിൽ എത്തിയിരുന്നു.
അസുഖ ബാധിതനായ വേളയില്‍ എഴുതിയ ജീവിതം പൂങ്കാവനം എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നാറാത്തുള്ള മിഥിലയില്‍ വെച്ച് സുരേഷ്‌ഗോപിയും, കാശി എന്ന നോവലിന്റെ പ്രകാശനം എം.വി. ഗോവിന്ദന്‍ എം.എല്‍.എ യും, അന്യലോകം എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം സംവിധായകന്‍ ജയരാജും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ചേര്‍ന്നുമാണ് ഈ അടുത്ത കാലത്ത് നിര്‍വ്വഹിച്ചത്.
സംസ്കാരം ഇന്ന് പകൽ 2 മണിക്ക് പുല്ലുപ്പി സമുദായ ശ്മശാനത്തിൽ നടക്കും.