കരിപ്പൂർ :- ഹജ് കമ്മിറ്റി മുഖേന ഈ വർഷം ഹർജിന് പോകാൻ അവസരം ലഭിച്ചവരുടെ മൂന്നാം ഗഡു പണം അടക്കാനുള്ള തീയതി മേയ് 4 വരെ നീട്ടി ഈ മാസം 27ന് അകം അടയ്ക്കണമെന്നായിരുന്നു നേരത്തേയുള്ള നിർദേശം. അവസരം ലഭിച്ചവരിൽ 2,635 പേർ കൂടി പണം അടയ്ക്കാനുണ്ട്. ഈ സാഹചര്യത്തിലാണ് തീയതി നീട്ടിയത്. നേരത്തേ അടച്ച 2.51,800 രൂപയ്ക്കു പുറമേയാണിത്.
യാത്രയ്ക്ക് തിരഞ്ഞെടുത്ത വിമാനത്താവളം അനുസരിച്ചാണ് മൂന്നാം ഗഡു അടയ്ക്കേണ്ടത്. കോഴിക്കോട്-1,21,200 രൂപ, കൊച്ചി- 85,300 രൂപ, കണ്ണൂർ- 86,200 രൂപ എന്നിങ്ങനെയാണ് മൂന്നാം ഗഡു തുക. ബലികർമത്തിനുള്ള കൂപ്പൺ ആവശ്യപ്പെട്ടവർ 15,180 രൂപ അധികം അടയ്ക്കണം. ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേയ്മെന്റ് സ്ലിപ് ഉപയോഗിച്ച് എസ്ബിഐ ശാഖയിലോ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലോ ഓൺലൈൻ വഴിയോ പണമടയ്ക്കാം. കൂടുതൽ വിവരങ്ങൾ ഹജ് കമ്മിറ്റി വെബ്സൈറ്റിൽ. ഹജ് ഹൗസ് : 0483 2710717.