മയ്യിൽ :- അതിർത്തി തർക്കത്തിനിടെയുണ്ടായ വാക്കേറ്റവും കയ്യാങ്കളിക്കുമിടെ യുവാവിന് കുത്തേറ്റു. മലപ്പട്ടം ഹയർ സെക്കന്ററി സ്കൂളിന് സമീപത്തെ കോളനിയിൽ താമസിക്കുന്ന കൃഷ്ണന്റെ മകൻ ഷിബിനാ(31)ണ് കുത്തേറ്റത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി പൊന്നാരത്ത് ഹൗസിൽ ഉല്ലാസനെ (41) മയ്യിൽ പോലീസ് കസ്റ്റഡിയിലെടുത്തു.
അതിർത്തി തർക്കത്തെ തുടർന്ന് പിതാവ് കൃഷ്ണനെ മർദ്ദിക്കുന്നത് തടയാനെത്തിയപ്പോഴാണ് ഷിബിന് കുത്തേറ്റത്. സാരമായി പരിക്കേറ്റ ഷിബിനെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്താൻ ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട്.