ദേശീയപാതയ്ക്ക് വേണ്ടി അനധികൃത മണലെടുപ്പ്, ജില്ലാ കളക്ടർ പരിശോധിക്കണം - മനുഷ്യാവകാശ കമ്മീഷൻ


കണ്ണൂർ :- ചന്തപ്പുര വിളയാംങ്കോട് റോഡിലെ കള്ളിക്കുന്നിൽ നിന്നും ദേശീയപാതക്ക് അശാസ്ത്രീയമായി മണ്ണെടുക്കുന്നത് കാരണം പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർ ഇക്കാര്യം പരിശോധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു. മേയിൽ കണ്ണൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കടന്നപ്പള്ളി മംഗലശ്ശേരിയിൽ നിന്നാണ് ദേശീയപാതക്ക് മണ്ണെടുക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ജിയോളജി വകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. മേഘ എഞ്ചിനീയറിംഗ് ആന്റ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയാണ് മണ്ണെടുക്കുന്നത്. ഇതിനെതിരെ നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. മണ്ണെടുക്കുന്ന സ്ഥലത്തെ റോഡ് 8 മീറ്റർ വീതിയിലുള്ളതാണെന്നും മണ്ണെടുക്കുന്നത് കാരണം മണ്ണ് ഊർന്നിറങ്ങി റോഡ് പരിസരത്ത് യാത്രാ സൗകര്യം ഇല്ലാതാകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. മഴക്കാലത്ത് വെള്ളം ഒലിച്ചിറങ്ങി സമീപത്തെ വീടുകൾക്ക് ഭീഷണിയാകാനും സാധ്യതയുണ്ട്. ശരിയായ നിലയിൽ ഖനനം നടത്താത്തതിനാലാണ് പ്രദേശവാസികൾക്ക് പരാതിയുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ അനിവാര്യമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പിലാത്തറ സ്വദേശി കെ.സി. ശ്രീധരൻ സമർപ്പിച്ച പരാതിയിലാണ് നടപടി.



                                        

Previous Post Next Post