ന്യൂഡൽഹി :- പല രാജ്യങ്ങളിലും പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ തിളപ്പിക്കാത്ത പാൽ ഉപയോഗിക്കരുതെന്നു ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിർദേശിച്ചു. പാസ്‌ചറൈസേഷൻ നടത്തിയ പാൽ മാത്രമേ ഉപയോഗിക്കാവൂ എന്നും വൈറസ് സാധ്യതയേറിയ പക്ഷികൾ, കാലികൾ എന്നിവയുമായി സമ്പർക്കം ഒഴിവാക്കണമെന്നും നിർദേശമുണ്ട്. പക്ഷിപ്പനി പിടിപെട്ട കന്നുകാലികളുടെ പാലിൽ വലിയതോതിൽ എച്ച്5എൻ1 വൈറസ് സാന്നിധ്യം ഉണ്ടാകുന്നുവെന്നു ഡബ്ല്യുഎച്ച്ഒ റിപ്പോർട്ട് ചെയ്തു. ഈ പാൽ കുടിക്കുന്നത് പക്ഷിപ്പനിക്കു കാരണമാകുന്നുണ്ടോയെന്നതു പരിശോധിച്ചു വരുന്നതേയുള്ളൂ.
പാലിലെ വൈറസ് സാന്നിധ്യം രോഗമുണ്ടാക്കുന്നുണ്ടോയെന്നും പാസ്‌ചറൈസേഷൻ വഴി അപകടം ഒഴിവാക്കാൻ കഴിയുമോയെന്ന് പരിശോധിക്കുകയാണെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. 2021 മുതലുള്ള കണക്കിൽ ഇതുവരെ മനുഷ്യരിലേക്ക് വൈറസ് ബാധയെത്തിയ 28 കേസാണുള്ളത്. യുഎസ്, ചിലെ, ചൈന എന്നീ രാജ്യങ്ങളിലാണ് പ്രധാനമായും വൈറസ് പ്രശ്നമുണ്ടാക്കിയത്.