കണ്ണൂർ :- സ്ത്രീശാക്തീകരണത്തിനുള്ള കേരള സർക്കാർ പദ്ധതിയായ കുടുംബശ്രീ നേട്ടത്തിന്റെ പാതയിൽ. കഴിഞ്ഞ സാമ്പത്തികവർഷം (2023-24) കുടുംബശ്രീക്ക് കീഴിലുള്ള സംരംഭങ്ങളുടെ വിറ്റുവരവ് 1,816 കോടി രൂപയാണ്. ഇതിൽ 100.64 കോടി രൂപ മാസച്ചന്തകൾ, വിപണന മേളകൾ, മറ്റ് സംസ്ഥാനങ്ങളിലടക്കം നടത്തിയ സരസ് മേളകൾ എന്നിവയിൽനിന്നാണ്. വരുമാനത്തിൽ 182 കോടി രൂപയുമായി എറണാകുളം ജില്ലയാണ് മുന്നിൽ.
2022-23 സാമ്പത്തിക വർഷം 1,347 കോടിയായിരുന്നു കുടുംബശ്രീയുടെ വരുമാനം. അതായത്, വരുമാനത്തിൽ 34.81 ശതമാനം വർധനയാണുണ്ടായത്. നടപ്പുസാമ്പത്തിക വർഷം 3,000 കോടിയുടെ വരുമാനമാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. നിലവിൽ, ഒരു 3 ലക്ഷത്തിലേറെ സംരംഭങ്ങളാണ് കുടുംബശ്രീക്ക് കീഴിൽ പ്രവർത്തിക്കുന്നത്. ഇതിൽ 80 ശതമാനം സംരംഭങ്ങളും വ്യക്തിഗതമാണ്. പോഷകാഹാര യൂണിറ്റുകൾ, തയ്യൽ യൂണിറ്റുകൾ, ജനകീയ ഹോട്ടലുകളടക്കം ഇതിൽ ഉൾപ്പെടും. കുടുംബശ്രീ പുറത്തിറക്കുന്ന നിത്യോപയോഗ സാധനങ്ങൾ, സോപ്പ്, അച്ചാർ, പലഹാരങ്ങൾ, എന്നിവയ്ക്ക് ആവശ്യക്കാരേറെയാണ്.