കോട്ടയം :- ഒരു വർഷത്തിനിടെ 43,500 ഹെക്ടറിൽ റബ്ബർ കൃഷി വ്യാപിപ്പിച്ച് റബ്ബർബോർഡിന് റെക്കോഡ്. ഇതിൽ 42080 ഹെക്ടറും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ്. ഈ വർഷവും അടുത്ത വർഷവുമായി 1.30 ലക്ഷം ഹെക്ടറിലേക്കുള്ള കൃഷിയൊരുക്കമാണ് ബോർഡ് ലക്ഷ്യമിട്ടിട്ടുള്ളത്. അത് സാക്ഷാത്ക രിച്ചാൽ റബ്ബർകൃഷി വ്യാപനത്തിൽ മറ്റൊരു നേട്ടമാകും. ഇതിനായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 97 നഴ്സറികളിലായി 3.26 കോടി തൈകളാണ് സജ്ജമാകുന്നത്. 2021-ലാണ് ബോർഡ് മിഷൻ നോർത്ത് ഈസ്റ്റ് തുടങ്ങിയത്. ഇതുവരെ 70,000 ഹെക്ടറിൽ കൃഷി വ്യാപിപ്പിക്കാനായി.
രാജ്യത്ത് ഇപ്പോഴുള്ള 8.50 ലക്ഷം ഹെക്ടർ കൃഷിയിൽ ആറുലക്ഷം ഹെക്ടറോളം കേരളത്തിലാണ്. ഇത് 50 വർഷം കൊണ്ടാണ് നേടിയെടുത്തത്. രാജ്യത്തിന് ഓരോ വർഷവും ആവശ്യമുള്ളത് 12 മുതൽ 15 ലക്ഷംവരെ ടൺ ചരക്കാണ്. ഇതിൽ തദ്ദേശീയ ഉത്പാദനം എട്ടുലക്ഷം ടൺവരെ മാത്രമാണ്. ഓരോ വർഷവും ശരാശരി അഞ്ചുലക്ഷം ടൺവരെ ഇറക്കുമതി ചെയ്യുകയാണ്.