തിരുവനന്തപുരം :- ഡ്രൈവിങ് ടെസ്റ്റിനു പിന്നാലെ പൊതുവാഹനങ്ങളുടെ ക്ഷമതാ പരിശോധന (സി.എഫ്. ടെസ്റ്റ്) മോട്ടോർ വാഹനവകുപ്പ് കടുപ്പിക്കുന്നു. ദിവസം പരിശോധനയെത്തുന്ന വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കാൻ ഓൺലൈൻ ബുക്കിങ് ഏർപ്പെടുത്തി. സി.എഫിനുള്ള വാഹനങ്ങൾ ബുക്ക് ചെയ്ത് പരിശോധനയ്ക്ക് എത്തിക്കണം. ബസ്, ലോറി, ടാക്സി, ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള പൊതുവാഹനങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താനാണ് നിശ്ചിത ഇടവേളകളിൽ പരിശോധിക്കുന്നത്.
ഡ്രൈവിങ് ടെസ്റ്റ് കർശനമാക്കിയതോടെ മിക്ക ഓഫീസുകളിലും സി.എഫ്. ടെസ്റ്റ് ആഴ്ചയിൽ രണ്ടുദിവസമായി ചുരുക്കിയിരുന്നു. ഈ ദിവസങ്ങളിലെത്തുന്ന വാഹനങ്ങളെല്ലാം പരിശോധിക്കുന്ന രീതിയാണുള്ളത്. ചില ഓഫീസുകളിൽ വാഹനങ്ങളുടെ എണ്ണം കൂടുന്നത് പരിശോധനാനിലവാരത്തെ ബാധിച്ചിരുന്നു. പരിശോധനയെത്തുന്ന വാഹനങ്ങളുടെ എണ്ണം കൂടുന്നത് ഒഴിവാക്കാനാണ് പുതിയ ക്രമീകരണം. ഡ്രൈവിങ് ടെസ്റ്റ് മാതൃകയിൽ ഓരോ ഓഫീസിലും വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുകയോ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കുകയോ ചെയ്യും. അന്നേ ദിവസം എത്താൻ കഴിഞ്ഞില്ലെങ്കിൽ ബുക്കിങ് റദ്ദാക്കാനുള്ള സംവിധാനവുമുണ്ടാകും.