കണ്ണൂർ :- കാലവർഷം ശക്തി പ്രാപിച്ചതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെളളം കയറി. കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ കണ്ണൂർ ജില്ലയിലെ പള്ളിയാംമൂലയിലെ ജനങ്ങളെ കൗൺസിലർ മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു. ജില്ലയിലെ പല ഭാഗങ്ങളിലും വാഹന ഗതാഗതവും തടസ്സപ്പെട്ട നിലയിലായി. കക്കാട് പള്ളിപ്രം റോഡ് വെളളം കയറി വാഹന ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. പുഴാതിയുടെ താഴ്ന്ന പല പ്രദേശങ്ങളിലെയും വീടുകളിൽ വെള്ളം കയറി ജീവിതം ദുസ്സഹമായി. ചെക്കിച്ചിറ, ഇടച്ചേരി, ധനലക്ഷ്മി ഹോസ്പിറ്റൽ റോഡ്, തളാപ്പ്, അഴിക്കോട് പുതിയാപറമ്പ്, കടപ്പുറം റോഡ്, മൈലാടത്തടം, പടന്നപ്പാലം, കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് ഓവർ ബ്രിഡ്ജ്, വളപട്ടണം , പഴയങ്ങാടി എന്നീ റെയിൽവേ ബ്രിഡ്ജിന്റെ വെള്ളക്കെട്ട് കാരണം ഈ ഭാഗത്ത് കൂടിയുള്ള വാഹന യാത്ര ദുസ്സഹമായിരിക്കുന്നു പല സ്ഥലങ്ങളിലും റോഡും തോടും തിരിച്ചറിയാൻ പറ്റാത്തവിധം വെള്ളം കയറിയിരിക്കുന്നു.
മഴ ശക്തി പ്രാപിച്ചതോടെ പഴശ്ശി പദ്ധതിയുടെ ഷട്ടർ തുറന്നതോട് കൂടി വളപട്ടണവും പരിസര പ്രദേശങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. കനത്ത മഴയിൽ കണ്ണൂർ ജില്ലയിലെ കണ്ണവം എടയാറിൽപുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് വാഹനഗതാഗതം നിലച്ച് ദുരിതത്തിൽ ആയിരിക്കുകയാണ്. പൂഴിയോട് നിവാസികൾ.21 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. കണ്ണവം വനാന്തരങ്ങളിൽ കടപുഴകി വീഴുന്നവലിയ മരങ്ങളാണ് എടയാർ റെഗുലേറ്റർ കം ബ്രിഡ്ജിൻ്റെ തൂണുകളിൽ തട്ടി നിൽക്കുന്നത്. ഇതാണ് ഒഴുക്ക് തടസ്സപ്പെട്ട് പുഴ കരകവിഞ്ഞ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമാകുന്നത്.