മയ്യിൽ :- കയരളം ഒറപ്പടിയിലെ കെ.കെ മാധവി എന്ന അറുപത്തിയെട്ടുകാരി ഓണത്തിനോ മറ്റു ഉത്സവങ്ങൾക്കോ വേണ്ടി കാത്തിരിക്കുകയാണ്. ക്ഷേത്രങ്ങളിലും കാവുകളിലും ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്ന 'തൃക്കൈക്കുട' എന്ന ഓലക്കുട നിർമ്മിച്ച് നൽകുന്നതാണ് മാധവിയുടെ ആഘോഷം. ഓലക്കുട നിർമ്മാണ രംഗത്ത് അമ്പത്തിയേഴ് വർഷം പൂർത്തിയാക്കുന്ന കെ.കെ മാധവി കൈവേലയിൽ മാന്ത്രികത തീർക്കുകയാണ്.
അച്ഛൻ കപ്പണപ്പറമ്പിൽ രാമനും അമ്മ കൂവോത്ത് കുനിമ്മൽ പാറുവും ഓലക്കുടകൾ നിർമ്മിക്കുന്നത് കണ്ടാണ് മാധവിയും പാരമ്പര്യമായി ഓലക്കുട നിർമ്മാണ രംഗത്തേക്ക് കടന്നത്. ഒറപ്പടി സ്കൂളിൽ അഞ്ചാംക്ലാസ്സിൽ പഠിക്കുമ്പോഴാണ് മാധവി ഓലക്കുട നിർമ്മാണത്തിൻ്റെ ബാലപാഠങ്ങൾ പഠിച്ചത്. ഇപ്പോഴും ഓലക്കുട നിർമ്മാണം തുടരുന്നു. ഈ വർഷം ചെറുപുഴ നാദബ്രഹ്മ കലാക്ഷേത്രത്തിലേക്ക് മാവേലി വേഷത്തിന് 10 ഓലക്കുട തയ്യാറാക്കുന്ന തിരക്കിലാണ് ഈ നാട്ടുകലാകാരി.
മുൻ കാലങ്ങളിൽ ആചാരക്കുട എന്നതിനു പുറമേ സമ്പന്ന തറവാട്ടുവീടുകളിൽ ഉള്ളവർ ഓലക്കുടയും കന്നുപൂട്ടുന്നവർ തലക്കുടയും കർഷക തൊഴിലാളികൾ നാട്ടിക്കുടയും ഉപയോഗിക്കുമായിരുന്നു. ഇപ്പോൾ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായും ഓണക്കാലത്ത് മാവേലി വേഷത്തിനും മാത്രമാണ് ഓലക്കുട ഉപയോഗിക്കുന്നത്. ഒരു വർഷം പരമാവധി 20 ൽ താഴെ ഓലക്കുട മാത്രമാണ് മാധവി ഇപ്പോൾ നിർമ്മിക്കുന്നത്. വർഷങ്ങളോളം ഈടുനിൽക്കുന്ന ഓലക്കുടയ്ക്ക് കേവലം 900 രൂപ മാത്രമാണ് മാധവി ഇപ്പോൾ ഈടാക്കുന്നത്. എന്നാൽ ഇത്തരം ഉത്പന്നങ്ങൾ വിൽപ്പന ചെയ്യുന്ന സ്ഥാപനങ്ങളിൽ ഓലക്കുടയ്ക്ക് 1500 രൂപയോളം വിലയുണ്ട്.
കേരള ഗണക കണിശസഭ കണ്ണൂരിൽ സംഘടിപ്പിച്ച ഓലക്കുട നിർമ്മാണ പരിശീലനക്കളരിയിൽ നിരവധി പേർക്ക് പഴമയുടെ പാരമ്പര്യ കല പകർന്നു നൽകുവാൻ ഇവർക്ക് സാധിച്ചു. ഓട, മുള, പനയോല തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് ഈ മേഖലയെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് മാധവി പറയുന്നു. 2019 ൽ തൃശൂരിൽ നാട്ടുകലാകാരക്കൂട്ടം "നാട്ടുപച്ച" അവാർഡ് നേടിയിട്ടുണ്ട്. ഇന്ന് ഫോക്ക്ലോർ ദിനാചരണത്തിൻ്റെ ഭാഗമായി മയ്യിൽ അഥീന നാടക - നാട്ടറിവ് വീട് മാധവിയെ ആദരിക്കും. പരേതനായ സി.രാഘവനാണ് ഭർത്താവ്. കെ.കെ സജേഷ്, കെ.കെ നിമിഷ എന്നിവർ മക്കളാണ്.