വിദ്വേഷപരമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിൽ പരാജയം ; ടെലിഗ്രാം സ്ഥാപകൻ അറസ്റ്റിൽ


പാരീസ് :- മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാമിന്റെ സഹസ്ഥാപകനും സി.ഇ.ഒ.യു മായ പാവേൽ ദുറോവ് (39) ഫ്രാൻസിൽ അറസ്റ്റിലായി. ശനിയാഴ്ച വൈകീട്ട് പാരീസിനടുത്തുള്ള ബുർഗെ വിമാനത്താവളത്തിൽ നിന്നാണ് അറസ്റ്റു ചെയ്തത്. ഇദ്ദേഹത്തിന്റെ പേരിൽ ഫ്രാൻസിൽ അറസ്റ്റുവാറന്റുണ്ടായിരുന്നു. ടെലിഗ്രാമിനെ ക്രിമിനൽക്കുറ്റകൃത്യങ്ങളിൽ ഉപയോഗിക്കുന്നത് തടയുന്നതിൽ പരാജയപ്പെട്ടെന്നാരോപിച്ചാണ് നടപടി. 

ദുബായിൽ താമസിക്കുന്ന ദുറോവ്, അസർബയ്‌ജാനിൽ നിന്ന് സ്വകാര്യജെറ്റിൽ പാരീസിലെത്തിയതായിരുന്നു. വിദ്വേഷപരമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിൽ ടെലിഗ്രാം പരാജയപ്പെട്ടെന്നും അത് കുറ്റകൃത്യങ്ങൾക്ക് പ്രേരണയേകിയെന്നുമാണ് ദുറോവിന്റെ പേരിലുള്ള കുറ്റം. റഷ്യൻ വംശജനായ ദുറോവിന് ഫ്രഞ്ച് പൗരത്വമുണ്ടെങ്കിലും ദുബായിലാണ് താമസം. 2013-ൽ സഹോദരൻ നിക്കോളയുമായി ചേർന്നാണ് ദുറോവ് ടെലിഗ്രാം സ്ഥാപിച്ചത്.

Previous Post Next Post