വിദേശയിനം വളർത്തു പക്ഷികൾക്കും മൃഗങ്ങൾക്കും രജിസ്ട്രേഷൻ നിർബന്ധമാകും


പാലക്കാട്‌ :- വീട്ടിൽ വളർത്തുന്ന വിദേശയിനം പക്ഷികൾക്കും നായ ഒഴികെയുള്ള മൃഗങ്ങൾക്കും ഇനി രജിസ്ട്രേഷൻ നിർബന്ധമാവും. ഇന്ത്യൻ വിപണിയിലെത്തുന്ന ഇനങ്ങളിൽ വംശനാശഭീഷണി നേരിടുന്നവയുണ്ടോയെന്ന് പരിശോധിക്കാനും അവയെ സംരക്ഷിക്കാനുമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻ്റെ നിർദേശപ്രകാരം ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. നിലവിൽ കൈവശമുള്ള പക്ഷികളുടെയും മൃഗങ്ങളുടെയും ഉടമസ്ഥാവകാശത്തിനായി കേന്ദ്രസർക്കാരിൻ്റെ പരിവേഷ് 2.0 എന്ന പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.

രാജ്യത്തെ വന്യജീവിപ്പട്ടികയിൽ ഉൾപ്പെടുന്ന പക്ഷികൾ, മൃഗങ്ങൾ, ഉരഗവർഗ ജീവികൾ എന്നിവയെ വളർത്താൻ ഇന്ത്യൻ വന്യജീവിസംരക്ഷണ നിയമപ്രകാരം അനുമതിയില്ല. ഈ പട്ടികയിൽ പല തദ്ദേശീയ ഇനങ്ങളും ഉൾപ്പെടുന്നതിനാലാണ്, പലരും വിദേശയിനങ്ങളെ വളർത്തിത്തുടങ്ങിയത്. വിദേശത്തുനിന്നുള്ള വളർത്തുജീവികളുടെ കൃത്യമായകണക്കെടുക്കുകയും വന്യജീവിപ്പട്ടികയിൽ ഉൾപ്പെട്ടവയാണോയെന്ന് പരിശോധിക്കുകയുമാണ് രജിസ്ട്രേഷനിലൂടെ ലക്ഷ്യമിടുന്നത്. വംശനാശഭീഷണി നേരിടുന്നവയെ അനധികൃതമായി എത്തിക്കുന്നത് തടയുന്നതും ലക്ഷ്യമാണ്.

കൺവെൻഷൻ ഓൺ ഇന്റർനാഷണൽ ട്രേഡ് ഓഫ് എൻഡെയ്ൻജേഡ് സ്പീഷിസിൻ്റെ ആദ്യ മൂന്ന് പട്ടികയിൽപ്പെട്ട വിദേശയിനങ്ങളുടെ വിവരങ്ങൾ പ്രത്യേകമായി രേഖപ്പെടുത്തണം. ആളുകൾക്ക് ഏറെ ഇഷ്ടമുള്ള മാർമോസെറ്റ് മങ്കി, മക്കാവ് ഇനങ്ങളും ഗ്രേ പാരറ്റ്, സൺ കോന്യൂർ തുടങ്ങിയവയും ഈ പട്ടികയിലുൾപ്പെടും.

Previous Post Next Post