കൊളച്ചേരി :- ഇന്നത്തെപ്പോലെ മൊബൈൽ ഫോണും ടി.വിയുമില്ലാത്ത കാലം. വൈദ്യുതിയോ റോഡുകളോ മോട്ടോർ വാഹനങ്ങളോ ഇല്ലാത്ത ആ കാലത്ത് നാട്ടിൻ പുറത്തെ പറമ്പുകളിലും വയലുകളിലും തെങ്ങിൻ തോപ്പുകളിലും ഉയരുന്ന കുട്ടികളുടെ ആരവംതന്നെയായിരുന്നു ഇന്ന് കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂൾ ഗ്രൗണ്ടിൽ. ഇന്നത്തെ പോലെ ക്രിക്കറ്റും ഫുട്ബാളുമല്ല. നാനാതരത്തിലുള്ള പഴയ നാടൻ കളികൾ. ഇട്ടിയും കോലും, വരിക്കുത്ത്, അട്ടാച്ചൊട്ട , കൊത്തങ്കല്ല്, കക്കുകളി, ഉപ്പു സോഡി, അപ്പം വാരി, ഈർക്കിൽ കളി എന്നിങ്ങനെ കുട്ടികളെ പരിചയപ്പെടുത്തുകയായിരുന്നു സ്കൂളിൽ ലോകനാട്ടറിവുദിനത്തിൽ സംഘടിപ്പിച്ച 'ഇട്ടീം കോലും' നാടൻകളിമേളയിൽ.
എസ്.എസ്.ജി ചെയർമാൻ പി.പി കുഞ്ഞിരാമൻ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡണ്ട് ടി.സുബ്രഹ്മണ്യൻ അധ്യക്ഷനായി. പരിപാടിയിൽ പങ്കെടുത്ത നാട്ടിലെ മുതിർന്ന വ്യക്തികൾ കുട്ടികളെ പഴയ കാലത്തിലേക്ക് എത്തിച്ചു. മൈതാനത്ത് കുട്ടികളെ നാടൻ കളികൾ പരിചയപ്പെടുത്തുകയും ചെയ്തു. സി.സത്യൻ, ഫോക് ലോർ അവാർഡ് ജേതാവ് കെ.വി ശങ്കരൻ, പ്രഥമാധ്യാപകൻ വി.വി ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു. അൻവിദ്.പി സ്വാഗതവും നേത്ര കെ.നന്ദിയും പറഞ്ഞു.