ഉപഗ്രഹാധിഷ്ഠിത ടോൾ പിരിവ് ; ദിവസവും 20 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് ടോൾ ബാധകമല്ല, ജിപിഎസ് ടോൾ ലെയ്നിൽ അനധികൃത വാഹനം പ്രവേശിച്ചാൽ ഇരട്ടിത്തുക പിഴ


ന്യൂഡൽഹി :- നിർദിഷ്ട ഉപഗ്രഹാധിഷ്ഠിത ടോൾ സംവിധാനത്തിൽ ദിവസവും 20 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് ടോൾ ബാധകമായിരിക്കില്ല. 20 കിലോ മീറ്ററിൽ കൂടിയാൽ സഞ്ചരിച്ച മൊത്തം ദൂരത്തിനും ടോൾ ബാധകമായിരിക്കും. ദിവസവും ടോൾപാതകളിലൂടെ ഹ്രസ്വദൂരം സഞ്ചരിക്കുന്നവർക്ക് ഇത് ഗുണകരമാകും. ജിഎൻഎസ്എസ് (ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്‌റ്റം) സംവിധാനം നടപ്പാക്കുന്നതിനായി കേന്ദ്രഗതാഗതമന്ത്രാലയം ചട്ടം വിജ്‌ഞാപനം ചെയ്‌തു. 2024ലെ ദേശീയപാതാ ഫീ ചട്ടത്തിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്.

ടോൾ ബാധകമായ പാതകളിൽ നാഷനൽ പെർമിറ്റ് ഒഴികെയുള്ള വാഹനങ്ങൾക്ക് ഒരു ദിവസം ഇരുദിശകളിലേക്കും സഞ്ചരിക്കുന്ന ആദ്യ 20 കിലോമീറ്റർ ദൂരത്തിനാണ് ടോൾ ബാധകമല്ലാത്തത്. ഉദാഹരണത്തിന് ഒരാൾ 21 കി ലോമീറ്ററാണ് യാത്ര ചെയ്യുന്നതെങ്കിൽ മുഴുവൻ ദൂരത്തിനും ടോൾ നൽകണം. ഉപഗ്രഹാധിഷ്‌ഠിത ടോൾ യാത്രകൾക്കായി നിലവിലെ ടോൾ പ്ലാസകളിൽ പ്രത്യേക ലെയ്നുണ്ടാകും. മറ്റ് ലെയ്കളിൽ നിന്നു വ്യത്യസ്‌തമായി വാഹനങ്ങൾ തടയാനുപയോഗിക്കുന്ന ബാരിയറുകൾ ഇവിടെ തുറന്നപടിയായിരിക്കും. ജിപിഎസ് ട്രാക്കിങ് സംവിധാനമില്ലാത്ത വാഹനങ്ങൾ ഈ ലെയ്നിൽ പ്രവേശിച്ചാൽ ടോളിന്റെ ഇരട്ടിത്തുക പിഴയായി ഈടാക്കും.

Previous Post Next Post