കോട്ടയം :- പച്ചത്തേങ്ങയ്ക്ക് ഒന്നരയാഴ്‌ച കൊണ്ട് ഇരട്ടിയിലധികം വില കൂടി. 35 രൂപയായിരുന്ന തേങ്ങയുടെ മൊത്ത വില 65 രൂപയായി. കിലോഗ്രാമിന് 75 രൂപ വരെ ചില്ലറ വ്യാപാരം നടക്കുന്നുണ്ട്. ഓണം കഴിയുമ്പോൾ വില കുറയുന്നതാണ് പതിവ്. അതേസമയം കർഷകർക്ക് 20 രൂപയിൽ കൂടുതൽ വില കിട്ടുന്നുമില്ല. കേരളത്തിലേക്ക് ഏറ്റവും കൂടുതൽ തേങ്ങ വരുന്ന തമിഴ്നാട്ടിൽകഴിഞ്ഞ സീസണിൽ ഉൽപാദനം കുറഞ്ഞതാണ് വില വർധനയുടെ ഒരു കാരണം. ഇതിനൊപ്പം കേന്ദ്ര സർക്കാർ വിവിധ ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ 22.5% ആക്കി വർധിപ്പിച്ചതു മറ്റൊരു കാരണം. ഇതോടെ പാം ഓയിൽ, സൂര്യ കാന്തി എണ്ണ എന്നിവയുടെ എല്ലാം വില വർധിച്ചു. കിലോഗ്രാമിന് 90 രൂപയായിരുന്ന പാം ഓയിലിൻ്റെ വില 127 രൂപയിൽ അധികമായി. ഇതിനു പുറമേ പാം കെർ ണൽ ഓയിലിൻ്റെ വിലയും കൂടി, ലഭ്യതയും കുറഞ്ഞു. ഇതോടെവലിയ ബിസ്കറ്റ് കമ്പനികൾ, സൗന്ദര്യ വർധക വസ്തുക്കളുടെ വൻകിട നിർമാതാക്കൾ എന്നിവരെല്ലാം കെർണൽ ഓയിൽ ഉപയോഗിക്കുന്നതിനു പകരം വെളിച്ചെണ്ണ ഉപയോഗിക്കാൻ തുടങ്ങിയതും വെളിച്ചെണ്ണ വില വർധനയ്ക്കു കാരണമായിട്ടുണ്ട്.
വെളിച്ചെണ്ണയുടെ വില കുറച്ചു മാസത്തേക്കെങ്കിലും ഉയർന്നു നിൽക്കാനാണ് സാധ്യതയെന്നു മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ രണ്ടാമത്തെ ഏറ്റവും വലിയ കൊപ്ര ഉപയോക്താക്കളായ കേരം വെളിച്ചെണ്ണയും രണ്ടുമാസത്തിൽ ഏറെയായി നാഫെഡിന്റെ കൊപ്രയെയാണ് ആശ്രയിക്കുന്നത്. കഷ്ടിച്ച് നാലു മാസത്തേക്കുള്ള ഉപയോഗത്തിനുള്ള കൊപ്രയേ നാഫെഡിന്റെ ശേഖരത്തിലുള്ളൂ എന്നാണറിയുന്നത്. കേരളത്തിൽ നാളികേര ഉൽപാദനം തീരെ കുറഞ്ഞിട്ട് വർഷങ്ങളായി. വടക്കൻ കേരളത്തിൽ നിന്നുള്ള തേങ്ങ തമിഴ്‌നാട്ടിലെ കാങ്കയത്ത് കൊണ്ടു പോയി കൊപ്രയാക്കി വീണ്ടും ഇവിടേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത്.