അപകടം കുറയ്ക്കാം ; ഗാർഹിക പാചകവാതകം സുരക്ഷിതമായി ഉപയോഗിക്കാനുള്ള നിർദ്ദേശങ്ങൾ


കണ്ണൂർ :- ഗാർഹിക പാചകവാതകം (എൽപിജി) സുരക്ഷിതമായി ഉപയോഗിക്കുന്നതിന് ശ്രദ്ധ പുലർത്തണമെന്ന് ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് അറിയിച്ചു.  വർധിച്ചുവരുന്ന ഉപഭോക്താക്കളുടെ എണ്ണവും സുരക്ഷാകാര്യങ്ങളിലുള്ള അജ്ഞതയും അപകടങ്ങൾക്ക് ആക്കം കൂട്ടുന്നു. 

എൽപിജി സുരക്ഷിതമായി ഉപയോഗിക്കുന്നതിന് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

* സിലിണ്ടർ കൊണ്ടുവരുമ്പോൾ തന്നെ ലീക്കുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം.

* സിലിണ്ടർ നിരപ്പായ പ്രതലത്തിൽ വാൽവ് മുകളിൽ വരത്തക്കവണ്ണം വായുസഞ്ചാരമുള്ളിടത്ത് നേരെ വയ്ക്കുക.

* ക്യാബിനകത്തോ കാണാൻ പറ്റാത്ത തരത്തിലോ സിലിണ്ടർ അടച്ചുസൂക്ഷിക്കാതിരിക്കുക.

* പാചകവാതകം ഉപയോഗിക്കാത്ത സമയത്ത് റെഗുലേറ്റർ (വാൽവ്) നിർബന്ധമായും അടച്ചു സൂക്ഷിക്കുക, പ്രത്യേകിച്ചും രാത്രി ഉറങ്ങുന്നതിനു മുമ്പ്.

* പാചകവാതകത്തിന്റെ മണം എപ്പോഴെങ്കിലും അനുഭവപ്പെട്ടാൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതോ അല്ലാത്തതോ ആയ ഉപകരണങ്ങൾ ഒന്നും ഓണാക്കാതെയും ഓഫാക്കാതെയും വാതിൽ ജനൽ തുടങ്ങിയവ തുറന്നിട്ട് സാധ്യമെങ്കിൽ സിലിണ്ടർ റെഗുലേറ്റർ ഓഫ് ചെയ്ത് പുറത്ത് തുറസ്സായ സ്ഥലത്ത് കൊണ്ടുവെക്കുക.

* ഒരിക്കലും തീ ഉപയോഗിച്ച് ചോർച്ചയുണ്ടോ എന്ന് പരിശോധിക്കരുത്.

* സോപ്പുവെള്ളം കലക്കി ജോയിന്റുകളിൽ ഒഴിച്ചു നോക്കി ചോർച്ച എവിടെ നിന്നാണെന്നു മനസ്സിലാക്കാൻ കഴിയും.

* എത്രയും വേഗം ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കുക.

* പാചകം ചെയ്യുമ്പോൾ നമ്മുടെ അസാന്നിധ്യത്തിൽ പാത്രം തിളച്ചു തൂകി തീ അണഞ്ഞു വാതകം മാത്രം പുറത്തേക്കു വരുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകാതെ സൂക്ഷിക്കണം. പാചകം ചെയ്യുമ്പോൾ മുഴുവൻ സമയവും നമ്മുടെ മേൽനോട്ടത്തിലായിരിക്കണം.

* കാറ്റടിച്ചോ മറ്റോ തീ അണയുന്ന സാഹചര്യം ഉള്ളിടത്തുവച്ച് പാചകം ചെയ്യാതിരിക്കുക.

* അയഞ്ഞ വസ്ത്രം പാചകസമയത്ത് ഉപയോഗിക്കാതിരിക്കുക. മുടി കെട്ടിവെക്കുക.

* സിലിണ്ടറും അടുപ്പുമായി ബന്ധിപ്പിക്കുന്ന ഹോസ് നല്ലരീതിയിലുള്ളതാണെന്ന് ദിവസവും പരിശോധിച്ച് ഉറപ്പുവരുത്തണം.



Previous Post Next Post