എ ഡി എമ്മിൻ്റെ ആത്മഹത്യയിൽ കലക്ടറുടെ പങ്ക് അന്വേഷിക്കണം, കോൺഗ്രസ്സിൻ്റെ കലക്ടറേറ്റ് മാർച്ച് നവംബർ ഒന്നിന്


കണ്ണൂർ :- 
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുൺ കെ വിജയൻ നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ ഒരുപാട് ദുരൂഹതകൾ നിറഞ്ഞതാണെന്നും സംഭവത്തിൽ കളക്ടർക്കും പങ്കുണ്ടെന്ന സംശയത്തെ ബലപ്പെടുത്തുന്നതാണെന്നും ഡിസിസി പ്രസിഡൻ്റ്  അഡ്വ. മാർട്ടിൻ ജോർജ് .

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പി.പി. ദിവ്യയെ പോലെ തന്നെ എഡിഎമ്മിന്റെ മരണത്തിൽ കളക്ടർ അരുൺ കെ വിജയനും പങ്കുണ്ടെന്ന സംശയത്തിന് അടിവരയിടുന്നതാണ് അദ്ദേഹം പോലീസിനു നൽകിയ മൊഴിയും മാധ്യമങ്ങളോട് നടത്തിയ പ്രതികരണങ്ങളുമെന്ന് ഡിസിസി പ്രസിഡൻ്റ് ചൂണ്ടിക്കാട്ടി.

 നവീൻ ബാബുവിന്റെ മരണത്തിലെ ദുരൂഹതകൾ വെളിച്ചത്തു വരേണ്ടതുണ്ട്. മരണശേഷവും നവീൻ ബാബുവിനെ അവഹേളിക്കാനും അഴിമതിക്കാരനായി ചിത്രീകരിക്കാനും നീക്കം നടക്കുന്നുണ്ട്. അതിന് കലക്ടർ കൂട്ടുനിൽക്കുകയാണ്.  ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായി കളക്ടർ നടത്തിയ ഫോൺ സംഭാഷണങ്ങൾ പരിശോധിക്കേണ്ടതുണ്ട് .  സിപിഎം നേതാക്കളിൽ ഒരു വിഭാഗത്തിന്റെ സമ്മർദ്ദത്തിനടിമപ്പെട്ട് വഹിക്കുന്ന പദവിയുടെ മാന്യത കളഞ്ഞു കുളിക്കുന്ന സമീപനമാണ് കലക്ടറിൽ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സ്വന്തം സഹപ്രവർത്തകന്റെ മരണത്തിന് കാരണക്കാരായവരെ സംരക്ഷിക്കാൻ തുടക്കം തൊട്ട് കളക്ടർ ശ്രമിക്കുകയാണ്. യാത്രയയപ്പ് യോഗത്തിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധിക്ഷേപം മാത്രമല്ല കളക്ടറുടെ  സമീപനവും നവീൻ ബാബുവിനെ മാനസികമായി  തകർത്തിരിക്കാം. ഈ സാഹചര്യത്തിൽ ജില്ലാ കലക്ടറെ ആ പദവിയിൽ നിന്ന് മാറ്റി സമഗ്രമായ അന്വേഷണം ഉണ്ടാകണം. 

ഇക്കാര്യം ആവശ്യപ്പെട്ട് നവംബർ ഒന്നിന് ജില്ലാ കോൺഗ്രസ് കമ്മിറ്റി കലക്ടറേറ്റ് മാർച്ച് സംഘടിപ്പിക്കുമെന്നും മാർട്ടിൻ ജോർജ് പ്രസ്താവനയിൽ അറിയിച്ചു.


Previous Post Next Post