കണ്ണൂരിൽ മോഷണം നടത്തിയ 19 വയസ്സുകാരൻ പിടിയിലായത് പാലക്കാട്ട് ; തീവണ്ടികളിൽ മൊബൈൽ ഫോൺ മോഷണമേറുന്നു


കണ്ണൂർ :- തീവണ്ടികളിൽ മൊബൈൽ ഫോൺ മോഷണമേറുന്നു. കണ്ണൂരിൽ മാത്രം കഴിഞ്ഞ മാസം ലഭിച്ചത് 20 പരാതികളാണ്. അതിൽ 15 ഫോണുകൾ ലൊക്കേഷൻ നോക്കി പോലീസ് തിരിച്ചുപിടിച്ചു. അന്ത്യോദയ എക്സ്പ്രസിൽ (16335) യാത്ര ചെയ്യവേ കണ്ണൂരിൽ വച്ച് കാസർഗോഡ് കുറ്റിക്കോൽ സ്വദേശികളുടെ 1.03 ലക്ഷം വിലവരുന്ന രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ച 19-കാരനെ കഴിഞ്ഞ ദിവസം പിടിച്ചത് പാലക്കാട്ട് വച്ചാണ്. കോങ്ങാട് സ്വദേശിയായ കെ.എസ് മുഹമ്മദ് സുഹൈലാണ് അറസ്റ്റിലായത്. റെയിൽവേ പോലീസ് സ്ക്വാഡ് ഡ്യൂട്ടിയിലെ ബിബിൻ മാത്യുവും സംഘവുമാണ് ശ്രമകരമായി മോഷ്ടാവിനെ പിടിച്ചത്. അയാളിൽ നിന്ന് നിരവധി മൊബൈലുകൾ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ വിശ്രമമുറിയിൽ നിന്ന് ഫോൺ മോഷ്ടിച്ചത് സേലം കള്ളക്കുറിച്ചി ശങ്കരപുരം സ്വദേശിയായ 63-കാര നാണ്. ഫോൺ ലൊക്കേഷൻ ആദ്യം കടലിൽ കാണിച്ചെങ്കിലും പിന്നീട് മാഹിയിലെ ക്വാർട്ടേഴ്‌സിലെ ബക്കറ്റിൽ നിന്നാണ് മൊബൈൽ കണ്ടെത്തിയത്.

റെയിൽവേ പോലീസ് ആർ. പി.എഫുമായി സഹകരിച്ച് രൂപവത്കരിച്ച ആന്റി തെഫ്റ്റ് സ്ക്വാഡ് പ്രവർത്തനം ഊർജി തമാക്കി. കോഴിക്കോട്, ഷൊർണൂർ, എറണാകുളം, തിരുവനന്തപുരം സർക്കിൾ കേന്ദ്രീകരിച്ചാണ് സ്ക്വാഡ് പ്രവർത്തിക്കുന്നത്. ബർത്തിലും സീറ്റിലും ബാഗും ഫോണും അലസമായി വെക്കുന്നത് മോഷ്ടാക്കൾക്ക് കാര്യം എളുപ്പമാക്കുന്നതായി റെയിൽവേ പോലീസ് പറഞ്ഞു. ചെറിയ കുട്ടികളെ വരെ അതിന് ഉപയോഗിക്കുന്ന റാക്കറ്റുമുണ്ടെന്ന് തെളിഞ്ഞതായി പോലീസ് പറഞ്ഞു.

തീവണ്ടികളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചെങ്കിലും അതിനുള്ള നടപടി ഇഴഞ്ഞുനീങ്ങുകയാണ്. നിലവിൽ പുതിയ എൽ.എച്ച്.ബി എ.സി കോച്ചുകളിൽ സ്ഥാപിച്ചിട്ടുണ്ട്. സ്ലീപ്പർ കോച്ചുകളിൽ ഘട്ടംഘട്ടമായി  വെക്കുകയാണ് ലക്ഷ്യം. ചില  വണ്ടികളിൽ മാത്രമാണ് രാത്രി എസ്ക്കോർട്ടുള്ളത്. അതിനാൽ സ്വയം കരുതൽ പ്രധാനമാണ്

Previous Post Next Post