പത്തനംതിട്ട :- ശബരിമല തീർഥാടകർക്ക് ബാരിക്കേഡുകൾക്കിടയിലെ പൈപ്പിലൂടെ ചൂടുവെള്ളമെത്തിക്കും. ക്യൂ നിൽക്കുന്നവർക്ക് കിയോസ്‌കുകൾ വഴി ചൂടുവെള്ളം നൽകാനും ദേവസ്വം ബോർഡ് തീരുമാനിച്ചു. ശരംകുത്തി മുതൽ വലിയനടപ്പന്തൽ വരെ ഇതിന് സംവിധാനമൊരുക്കും. 2000 സ്റ്റീൽബോട്ടിലിൽ ചുക്കുവെള്ളം നിറച്ച് മലകയറുന്ന ഭക്തർക്ക് നൽകും. ഇറങ്ങുമ്പോൾ ബോട്ടിൽ തിരികെ ഏൽപ്പിക്കണം.
പമ്പയിൽ വനിതകൾക്കായി പ്രത്യേക വിശ്രമകേന്ദ്രമുണ്ടാവും. വനിത ഫെസിലിറ്റേഷൻ സെൻ്ററിൽ 50 പേർക്കുള്ള സൗകര്യം കൂടി ഒരുക്കും. നിലയ്ക്കലിൽ 1045 ശൗചാലയങ്ങൾ സജ്ജീകരിച്ചു. ലഘുഭക്ഷണത്തിനായി 50 ലക്ഷം പാക്കറ്റ് ബിസ്‌കറ്റ് ശേഖരിച്ചു. 16,000 ഭക്തജനങ്ങൾക്ക് ഒരേസമയം വിരിവെക്കാനുള്ള സൗകര്യമൊരുക്കി. ടാറ്റയുടെ അഞ്ചുവിരി ഷെഡിലായി 5000 പേർക്ക് വിരിവെക്കാനുള്ള സൗകര്യമുണ്ട്. നിലക്കലിൽ സ്റ്റാൻഡിന് സമീപം 3000 പേർക്കുകൂടി വിരിവെക്കാൻ ജർമൻ പന്തൽ സജ്ജീകരിച്ചു. പമ്പയിൽ പുതുതായി നാലു നടപ്പന്തലുകൾകൂടി ക്രമീകരിക്കുന്നതോടെ 4000 പേർക്ക് വരിനിൽക്കാനുള്ള സൗകര്യം ലഭിക്കും. രാമമൂർത്തി മണ്ഡപത്തിനു പകരം 3000 പേർക്ക് വിരിവെക്കാൻ കഴിയുന്ന താത്കാലിക സംവിധാനമൊരുക്കും.