മുംബൈ :- ഗോരെഗാവിൽ 54-കാരനായ ശാസ്ത്രജ്ഞനെ ഡിജിറ്റിൽ അറസ്റ്റിലാക്കി മൂന്നരക്കോടി രൂപ കവർന്ന കേസിൽ കേരളത്തിൽ നിന്നുള്ള മൂന്നുപേരെ മുംബൈ സൈബർ പോലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് സ്വദേശികളായ പി.എസ് അൻവർഷാദ് (44), കെ.കെ അമിർഷാദ് (28), സി.മൊഹ്‌സിൻ (53) എന്നിവരാണ് പിടിയിലായത്. ദുബായിലുള്ള ഷഹദ് എന്നയാളെ പോലീസ് തിരയുന്നു. വ്യാജരേഖ ചമയ്ക്കൽ, വിശ്വാസവഞ്ചന, ആൾമാറാട്ടം, വിവരസാങ്കേതികവിദ്യയുടെ ദുരുപയോഗം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ശാസ്ത്രജ്ഞനിൽ നിന്ന് അപഹരിച്ച പണം അൻവർഷാദിൻ്റേയും അമിർഷാദിന്റേയും പേരിലുള്ള ട്രാവൽ ആൻഡ് ടൂർസ് കമ്പനിയുടെ അക്കൗണ്ടിലെത്തുകയും പിന്നീട് ക്രിപ്റ്റോ കറൻസിയാക്കി മാറ്റുകയും ആയിരുന്നു. ഓഗസ്റ്റ് 31-നാണ് തട്ടിപ്പുകാരിൽ നിന്ന് ഫോൺ വന്നത്. ഡൽഹി വിമാനത്താവളത്തിൽ പരാതിക്കാരന്റെ പേരിലുള്ള പാഴ്സൽ കസ്റ്റംസ് തടഞ്ഞുവെച്ചതായിട്ടും ഇതിൽ ലഹരി വസ്തുക്കൾ ഉണ്ടെന്നുമായിരുന്നു വിളിച്ചയാൾ അറിയിച്ചത്.