പരിയാരം :- അണുബാധയുണ്ടായി 5 മുതൽ 21 ദിവസങ്ങൾക്കകം എംപോക്സിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. ജില്ലയിൽ യുവാവിന് എംപോക്സ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം.
പനി, കടുത്ത തലവേദന, കഴലവീക്കം, നടുവേദന, പേശീവേദന, ഉന്മേഷക്കുറവ് എന്നിവയാണു പ്രാരംഭ ലക്ഷണങ്ങൾ. അണുബാധയുണ്ടായി 5 മുതൽ 21 ദിവസങ്ങൾക്കകം ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ദേഹത്തു കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങും. മുഖത്തും കൈകാലുകളിലുമാകും കൂടുതൽ. കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകൾ എന്നിവിടങ്ങളിലും കാണപ്പെടും. മൃഗങ്ങളുമായി അടുത്തിട പഴകുന്ന അവസരങ്ങളിലാണ് വൈറസ് ബാധ കൂടുതലായുമുണ്ടാകുന്നത്. 2-4 ആഴ്‌ച രോഗ ലക്ഷണങ്ങൾ നീണ്ടുനിന്നേക്കാം.
കുട്ടികൾ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ രോഗാവസ്ഥ കഠിനമാകാൻ സാധ്യതയുണ്ട്. അതിനാൽ കൂടുതൽ ജാഗ്രത വേണം.
രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, തൊലിപ്പുറത്തു സ്പർശിക്കുക, , കിടക്കയിലും വസ്ത്രത്തിലും സ്‌പർശിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ രോഗം പകരാം.