ശബരിമല :- മണ്ഡല പൂജയുടെ പ്രധാന ചടങ്ങായ തങ്ക അങ്കി ചാർത്തിയ ദീപാരാധന നാളെയും മണ്ഡലപൂജ വ്യാഴാഴ്ചയും നടക്കും. ഇതിനിടെ കാനന പാതയിലൂടെ തീർഥാടകരുടെ പ്രവാഹം. തിരക്ക് പരിഗണിച്ച് കരിമല പാതയിലെ പ്രവേശന സമയം ഒരു മണിക്കൂർ വർധിപ്പിച്ചു. പുല്ലുമേട് പാതയിലെ സമയത്തിൽ മാറ്റമില്ല.
കരിമല പാതയിൽ മുക്കുഴി, അഴുതക്കടവ് എന്നിവിടങ്ങളിലാണു പെരിയാർ കടുവ സങ്കേതത്തിലേക്കു വനം വകുപ്പ് പ്രവേശന കവാടം ഒരുക്കിയിട്ടുള്ളത്. അഴുതക്കടവിൽ രാവിലെ 7 മുതൽ 3.30 വരെയും, മുക്കുഴിയിൽ രാവിലെ 7 മുതൽ വൈകിട്ട് 4 വരെയുമാണ് തീർഥാടകരെ കടത്തി വിടുക. പുല്ലുമേട് പാതയിൽ വണ്ടിപ്പെരിയാർ സത്രത്തിലെ പ്രവേശന സമയം രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ എന്നതു തുടരും.
കാനന പാതയിൽ വൈകിട്ട് 5.30 ആകുമ്പോഴേക്കും വെളിച്ചം കുറയും. വന്യമൃഗങ്ങൾ ഇറങ്ങാൻ സാധ്യതയുള്ളതിനാൽ യാത്ര തുടരാതെ സുരക്ഷിതമായ താവളങ്ങളിൽ തങ്ങണമെന്നു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇരുട്ടു വീണാൽ കരിമല പാതയിൽ വനം വകുപ്പു താവളങ്ങളും ഒരുക്കി. പതിനെട്ടാംപടി കയറാനുള്ള നിര ഇന്നലെ ശരംകുത്തിയും പിന്നിട്ട് മരക്കൂട്ടം ഭാഗത്തേക്ക് കടന്നു. മരക്കൂട്ടം മുതൽ നിയന്ത്രിച്ചാണ് തീർഥാടകരെ കടത്തി വിടുന്നത്.