കണ്ണൂർ :- 2025 മുതൽ അഞ്ച് വർഷകാലത്തേക്ക് സംസ്ഥാനത്തെ കാർഷിക രംഗത്ത് കൃഷി വകുപ്പ് 2375 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി മന്ത്രി പി. പ്രസാദ് പറഞ്ഞു. ഇരിക്കൂർ കർഷകസംഗമം 'അഗ്രി ഫെസ്റ്റ് 25' നടുപ്പറമ്പിൽ സ്‌പോർട്‌സ് സിറ്റിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 30,000 ഹെക്ടറിലെ റബ്ബർ റീപ്ലാന്റിങ്ങിനും റബ്ബർ മേഖലയുടെ ഉണർവ്വിനുമായി 250 കോടിയോളം രൂപ നീക്കി വെച്ചിട്ടുണ്ട്. കാർഷിക മേഖലയിൽ ഇടപെടുന്നതിന്റെ ഭാഗമായി ബി-ടു-ബി മീറ്ററുകൾ സംഘടിപ്പിക്കും. സ്റ്റാർട്ടപ്പുകൾ വഴി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ ഉപകരണങ്ങൾ കാർഷിക മേഖലയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആറുമാസത്തിനുള്ളിൽ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വന്യമൃഗ ശല്യത്തെ അഭിമുഖീകരിക്കാൻ കൃഷി വകുപ്പ് 27 കോടി രൂപ മാറ്റിവച്ചു. ഇത് ചരിത്രത്തിൽ ആദ്യമായിട്ടാണെന്നും മന്ത്രി പറഞ്ഞു. .
മഹാഭൂരിപക്ഷം കർഷകരും കാർഷിക മേഖലയുടെ പ്രാഥമിക ഘട്ടത്തിലാണ് ഇടപെടുന്നത്. ഇതുകൊണ്ട് കർഷകർക്ക് മെച്ചപ്പെട്ട വരുമാനമാർഗത്തിലേക്ക് എത്താൻ പ്രയാസമാണ്. ഉൽപ്പന്നങ്ങളുടെ വില നിശ്ചയിക്കുന്നത് ഉത്പാദിപ്പിച്ചവരാണ്. എന്നാൽ കർഷകന്റെ ഉൽപന്നത്തിന് മാത്രം വിലയിടാൻ കർഷകന് അവകാശമില്ല. ഇവിടെയാണ് കൃഷിയുടെ മറ്റൊരു ഘട്ടത്തെക്കുറിച്ച് നമ്മൾ ചിന്തിക്കേണ്ടത്. അത് ദ്വിതീയ കൃഷിയാണ്. ഉൽപന്നത്തിന് വിലയിടാനുള്ള അവകാശം ഉത്പാദകന് ലഭ്യമാകുന്ന തരത്തിലേക്ക് കൃഷിയെ മാറ്റാനാകണം. തേങ്ങയിൽ നിന്ന് വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്നത്, കപ്പയിൽ നിന്നും ചിപ്‌സ് പോലുള്ളവ ഉണ്ടാക്കുന്നത്, വാഴക്കുല ഉപ്പേരിയോ പൊടിയോആക്കി മാറ്റുന്നതെല്ലാമാണ് ഇതിൽ വരുന്നത്. പ്രാഥമിക കൃഷിയോടൊപ്പം ദ്വീതിയ കൃഷിയിലേക്ക് ശ്രദ്ധ തിരിക്കണമെന്നും മന്ത്രി പറഞ്ഞു.
ചെറുപ്പക്കാർ കാർഷിക മേഖലയിലേക്ക് കൂടുതലായി ഇറങ്ങേണ്ടത് അനിവാര്യമാണ്. ഓരോ പ്രദേശത്തെയും അടിസ്ഥാനപ്പെടുത്തി വേണം കൃഷിയുടെ ആസൂത്രണം. കേരളത്തിൽ പതിനായിരം കൃഷിക്കൂട്ടങ്ങൾ നിശ്ചയിച്ചിടത്ത് ഇപ്പോൾ ഇരുപത്തയ്യായിരത്തിലധികം കൃഷിക്കൂട്ടങ്ങളുണ്ട്. കൃഷിയിൽ വലിയൊരു മുന്നേറ്റം ഉണ്ടാക്കാൻ ഇതിലൂടെ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.