കണ്ണൂരിൽ പുഷ്‌പോത്സവത്തിന് തുടക്കമായി


കണ്ണൂർ :- പൂക്കളുടെയും ചെടികളുടെയും വിശാലലോകം തുറന്ന് ജില്ലാ അഗ്രി ഹോർട്ടികൾചർ സൊസൈറ്റിയുടെ പുഷ്‌പോത്സവത്തിനു തുടക്കമായി. ഹൈബ്രിഡ് ചെടികളാണ് മിക്ക സ്റ്റാളുകളിലും. 50 രൂപ മുതൽ 5000 രൂപ വരെയുള്ള ചെടികളുണ്ട്. വൈവിധ്യമാർന്ന കടലാസുപൂക്കൾക്കാണ് ആവശ്യക്കാർ കൂടുതലെന്നാണ് നഴ്സറിക്കാർ പറയുന്നത്. വിവിധതരം ഫലവൃക്ഷങ്ങളുടെ തൈകൾക്കും നല്ല വിൽപനയുണ്ട്. ഇരപിടിയൻ ചെടികളാണ് കാഴ്ചക്കാരുടെ ശ്രദ്ധയാകർഷിക്കുന്നത്. ചൈനയിൽനിന്നു കൊണ്ടുവന്നതാണിവയെ.

ജില്ലാ പഞ്ചായത്തിന്റെ കരിമ്പം ഫാമിന്റെ പച്ചക്കറിത്തൈകൾക്കും ആവശ്യക്കാരുണ്ട്. ആറളം ഫാമിലെ തൈകളും ഉൽപന്നങ്ങളും വിൽപനയ്ക്കുണ്ട്. കണ്ണൂർ ഫ്ലവർ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേനേഷന്റെ സ്റ്റാളിലെ ചെടികളെല്ലാം അംഗങ്ങൾ വീടുകളിൽതന്നെ ഒരുക്കിയതാണ്. ജൈവവളം, ജൈവകീടനാശിനികൾ, മൺപാത്രങ്ങൾ തുടങ്ങിയവയുടെ സ്റ്റാളുകളും കണ്ണാടിക്കൂട്ടിലുള്ള ജലത്തിൽ കൃത്രിമമായി നിർമിക്കുന്ന അക്വാസ്‌കേപ്പിങ്ങും മേളയിലുണ്ട്.

മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. കലക്ടർ അരുൺ കെ.വിജയൻ അധ്യക്ഷനായിരുന്നു. മേയർ മുസ്‌ലിഹ് മഠത്തിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്‌നകുമാരി എന്നിവർ പ്രസംഗിച്ചു. ഈ വർഷത്തെ സംസ്ഥാന കൃഷി അവാർഡ് ജേതാക്കളെ ആദരിച്ചു. തുടർന്ന്, ഗായിക സജില സലീമും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയുണ്ടായി. 60 രൂപയാണു പ്രവേശന ഫീസ്. അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികൾക്കും 80 വയസ്സു കഴിഞ്ഞവർക്കും പ്രവേശനം സൗജന്യമായിരിക്കും. 27നു സമാപിക്കും.

Previous Post Next Post