മയ്യിൽ :- ടാറിങ് തകർന്നു റോഡിൽ കുഴികൾ. വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും ഭീഷണിയാകുന്നു. പുതിയതെരു ശ്രീകണ്ഠാപുരം റോഡിലെ പ്രധാന ജംക്‌ഷനായ എട്ടേയറിനു സമീപമാണ് മെക്കാഡം ടാറിങ് തകർന്നു റോഡിൽ കുഴികൾ രൂപപ്പെട്ടത്. ടാറിങ്ങിലെ അശാസ്ത്രീയതയാണ് കുഴികൾക്കു കാരണ മെന്നാണ് നാട്ടുകാരുടെ ആരോപണം. കഴിഞ്ഞ വർഷവും ഈ ഭാഗത്ത് പലയിടങ്ങളിലായി കുഴികൾ രൂപപ്പെട്ടിരുന്നു. മാസങ്ങളോളം അതു തുടർന്നു.
അപകടങ്ങൾ പതിവായപ്പോൾ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് കുഴികൾ അടയ്ക്കുകയായിരുന്നു. പഴയ ടാറിങ് നീക്കം ചെയ്യാതെ മിനുസമായ പ്രതലത്തിൽ വീണ്ടും ടാറിങ് നടത്തിയതാണു തകർച്ചയ്ക്കു കാരണം. ഇതോടെ കനത്ത വെയിലേറ്റ് ടാറിങ് ഒഴുകി കുഴികൾ രൂപപ്പെടും. ശ്രീകണ്ഠാപുരം, ഇരിക്കൂർ, ചാലോട് തുണ്ടി ഭാഗങ്ങളിൽ നിന്നു കണ്ണൂരിലെ ത്താനുള്ള എളുപ്പ വഴിയാണ് ഈ റോഡ്. കുന്നിറക്കത്തിലുള്ള കുഴികൾ രാത്രിയിൽ കാണാൻ കഴിയില്ലെന്നും ഡ്രൈവർമാർ പറയുന്നു.