തിരുവനന്തപുരം :- പ്രമേഹബാധിതരായ മുതിർന്നവർക്കും കുട്ടികൾക്കും മൂക്കിലൂടെ വലിച്ചെടുക്കാവുന്ന ഇൻഹേലർ ഇൻസുലിൻ അഫ്രെസ 6 മാസത്തിനകം ഇന്ത്യൻ വിപണിയിലേക്ക്. കമ്പനിയായ മാൻകൈൻഡ് കോർപറേഷൻ വികസിപ്പിച്ച അഫ്രെസ ഇൻഹലേഷൻ പൗഡറിൻ്റെ വിതരണത്തിനും വിപണനത്തിനും സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ കഴിഞ്ഞ മാസം അനുമതി നൽകിയിരുന്നു. സിപ്ലയാണ് വിതരണക്കാർ. വില വ്യക്തമാക്കിയിട്ടില്ല.
ഇൻസുലിൻ കുത്തിവയ്ക്കുന്നതിനെക്കാൾ ഇൻഹേലർ ഫലം ചെയ്യുമെന്നു നിർമാതാക്കൾ അവകാശപ്പെടുന്നു. ആഹാരം കഴിക്കുന്നതിനു തൊട്ടു മുൻപാണ് ഇൻഹേലർ ഉപയോഗിക്കേണ്ടത്. കുത്തിവയ്ക്കുമ്പോൾ 3 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് ഇൻഹേലറിൽ ആറോ എട്ടോ യൂണിറ്റ് വേണ്ടി വരും. ഇൻഹേലറിൽ ഉപയോഗിക്കാനുള്ള മരുന്നു 3 തോതുകളിലുള്ള കാട്രിജുകളിൽ ലഭിക്കും. അതിനാൽ ഡോസ് കൃത്യമായി അറിയാനാവും. ഇൻസുലിൻ പമ്പ് ഉപയോഗിക്കുന്ന ടൈപ് വൺ പ്രമേഹരോഗികൾക്കും ഇതു ഫലപ്രദമാണെന്നു കണ്ടെത്തിയിട്ടുണ്ട്.