ഇന്ത്യയിൽ ആദ്യം ; AI സഹായത്തോടെ കണ്ണ് പരിശോധന, സർക്കാർ ആശുപത്രികളിൽ നയനാമൃതം പദ്ധതി


കണ്ണൂർ :- അന്ധതയിലേക്ക് നയിക്കുന്ന മൂന്ന് രോഗങ്ങളെ തുടക്കത്തിൽ കണ്ടെത്താൻ നിർമിതബുദ്ധിയുടെ (എ.ഐ) സഹായത്തോടെയുള്ള കണ്ണ് പരിശോധന സർക്കാർ ആസ്പത്രികളിൽ വരുന്നു. 'നയനാമൃതം-രണ്ട്' എന്ന പേരി ലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രമേഹം കാരണമുണ്ടാകുന്ന റെറ്റിനോപ്പതി, ഗ്ലോക്കോമ, പ്രായംകൂടുമ്പോൾ ഉണ്ടാകുന്ന മാക്യുലാർ ഡീജനറേഷൻ എന്നീ രോഗങ്ങളെ കണ്ടെത്താനാണിത്. രാജ്യത്ത് ആദ്യമായാണ് നിർമിതബുദ്ധിയുടെ സഹായത്തോടെ കണ്ണ് സ്ക്രീൻ ചെയ്ത് രോഗം കണ്ടെത്താനുള്ള പദ്ധതി നടപ്പാക്കുന്നത്.

സാമൂഹികാരോഗ്യകേന്ദ്രങ്ങൾ, കുടുംബാരോഗ്യകേന്ദ്രങ്ങൾ, താലൂക്ക്, ജില്ലാ ആസ്പത്രികൾ എന്നിവിടങ്ങളിൽ പദ്ധതി നടപ്പാക്കും. എ.ഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന ഫണ്ടസ് ക്യാമറ ഉപയോഗിച്ച് സ്ക്രീൻ ചെയ്യുകയാണ് ലക്ഷ്യമിടുന്നത്. കണ്ണ് പരിശോധനയിൽ രോഗസൂചന ലഭിച്ചാൽ രോഗിയെ നേത്രചികിത്സാ വിദഗ്‌ധൻ്റെയടുത്തേക്ക് റഫർ ചെയ്യും. കംപ്യൂട്ടർ ഉപയോഗിച്ചുള്ള കണ്ണ് പരിശോധന പോലെയാണിത്. കൈയിൽവെച്ച് ഉപയോഗിക്കാവുന്ന ചെറിയ ഉപകരണമാണ്. പരിശോധനയ്ക്ക് നിമിഷങ്ങൾ മതി. 

കൃഷ്ണമണി വികസിപ്പിക്കുന്നത് മരുന്ന് ഒഴിക്കാതെയും ചെയ്യാം. രോഗം തിരിച്ചറിയാൻ ഫലപ്രദമാണ്. പരിശോധിക്കുമ്പോൾ വേദനയുണ്ടാകില്ല. റിമിഡിയോ എന്ന വൈദ്യശാസ്ത്ര ഉപകരണ നിർമാണ കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പ്രമേഹജന്യമായ നേത്രപടല രോഗത്തിൻ്റെ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി സർക്കാർ 'നയനാമൃതം' പദ്ധതി ആറുവർഷമായി നടപ്പാക്കു ന്നുണ്ട്. ഇതിൽ നിന്ന് മുന്നോട്ടുള്ള വലിയ ചുവടുവെപ്പാണിത്. ഈ രോഗങ്ങളുടെ ലക്ഷണങ്ങൾ തിരിച്ചറിയാതെ പോകാം എന്നതിനാൽ തുടക്കത്തിൽ കണ്ടെത്തി ചികിത്സിക്കുക എന്നത് വളരെ പ്രധാനമാണ്.


Previous Post Next Post