കണ്ണൂർ :- തദ്ദേശസ്ഥാപനങ്ങളുടെ ലൈസൻസോടെ പ്രവർത്തിക്കുന്ന കടകളിലും മറ്റു സ്ഥാപനങ്ങളിലും സർക്കാർ മാനദണ്ഡപ്രകാരമുള്ള ഖര, ദ്രവ മാലിന്യസംസ്കരണ സംവിധാനങ്ങളില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും. പുതുതായി അപേക്ഷിക്കുമ്പോൾ ഇവ ഉണ്ടെങ്കിലേ ലൈസൻസ് അനുവദിക്കൂ. ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഉൾപ്പെടെ നിരോധിതവസ്തുക്കൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്ന് പിഴയീടാക്കാനും തദ്ദേശവകുപ്പ് നിർദേശം നൽകി. പരിശോധനയും കർശനമാക്കും.
മാർച്ച് 30-ന് അന്താരാഷ്ട്ര ശൂന്യമാലിന്യ ദിനത്തിൽ സംസ്ഥാനത്തെ 'മാലിന്യമുക്ത നവകേരള'മായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് നടപടി കർശനമാക്കുന്നത്. സ്കൂളുകളിലും പൊതു, സ്വകാര്യ സ്ഥാപനങ്ങളിലും ഓഫീസുകളിലും മാലിന്യപരിപാലന സംവിധാനങ്ങളുണ്ടെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ഉറപ്പാക്കണമെന്നും നിർദേശിച്ചു.
എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ പ്രത്യേക സ്ക്വാഡുകൾ. കൂടുതൽ ജീവനക്കാർ ആവശ്യമെങ്കിൽ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് ഇന്റർവ്യൂ നടത്തി ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കാം. നിയമലംഘനത്തിന് ഈടാക്കുന്ന പിഴത്തുക ദിവസവേതനം, വാഹനവാടക എന്നിവയ്ക്കായും വിനിയോഗിക്കാം. നഗരസഭകളിലും കോർപ്പറേഷനുകളിലും എല്ലാ ദിവസവും പഞ്ചായത്തുകളിൽ ആഴ്ചയിൽ കുറഞ്ഞത് രണ്ടു ദിവസവും സ്ക്വാഡുകൾ പ്രവർത്തിക്കണമെന്നും നിർദേശിച്ചു.