കണ്ണൂർ :- വന്യമൃഗങ്ങൾ നാട്ടിലിറങ്ങാൻ കാരണമാകുന്ന സ്വകാര്യ സ്ഥലങ്ങളിലെ കാട് അടിയന്തരമായി നീക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും കർശന നിർദേശം നൽകണമെന്നും കമ്മിഷൻ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്ക് നിർദേശം നൽകി. പൊതുപ്രവർത്തകനായ അഡ്വ. വി.ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
വന്യമൃഗങ്ങൾ ജനവാസമേഖലയിൽ പ്രവേശിക്കുന്നതിന് കാരണം സംരക്ഷിത വനപ്രദേശങ്ങളുടെ പുറത്ത് സ്വകാര്യസ്ഥലങ്ങളിൽ രൂപപ്പെടുന്ന സ്വാഭാവികവനത്തിന് സമാനമായ കാടുകളാണെന്ന് കണ്ണൂർ ഡി.എഫ്.ഒ കമ്മിഷനെ അറിയിച്ചിരുന്നു. സോളാർ വേലി പോലുള്ള പ്രതിരോധമാർഗങ്ങളിലൂടെ പുലി പോലുള്ള മൃഗങ്ങളെ പ്രതിരോധിക്കാൻ കഴിയില്ലെന്ന് കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കമ്മിഷനെ അറിയിച്ചു.