തിരുവനന്തപുരം :- ഒന്നാം ക്ലാസിലെ പ്രവേശനത്തിനായി പരീക്ഷ നടത്താൻ പാടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. ഒന്നാം ക്ലാസിലേക്കുള്ള അപേക്ഷ നിഷേധിക്കുന്നത് ഭരണഘടനാവിരുദ്ധവും ബാലാവകാശ നിയമങ്ങൾക്ക് എതിരുമാണെന്ന് മന്ത്രി പറഞ്ഞു. ബഹ്റൈൻ സർക്കാരിൻ്റെ പരമോന്നത ബഹുമതി ലഭിച്ച വ്യവസായി ഡോ. ബി.രവി പിള്ളയെ ആദരിക്കുന്ന ചടങ്ങായ രവിപ്രഭയോട് അനുബന്ധിച്ചുള്ള ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പാഠപുസ്തകവും എൻട്രൻസ് പരീക്ഷയുമില്ലാതെ ഒന്നാം ക്ലാസ് പഠനം പരിഷ്ക്കരിക്കുന്നത് ആലോചനയിലാണെന്നും മന്ത്രി പറഞ്ഞു. പല സ്കൂളുകളിലും ഒന്നാം ക്ലാസ് പ്രവേശനം ഇപ്പോൾ തന്നെ ആരംഭിച്ചു കഴിഞ്ഞു. കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രവേശനപ്പരീക്ഷ നടത്തിയാണ് സ്കൂൾ പ്രവേശനം. ഇത് ബാലപീഡനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.