വിലയേറിയതാണ് മനുഷ്യജീവൻ, വന്യജീവി ആക്രമണം തടയാൻ കർശന നടപടി വേണം - ഹൈക്കോടതി


കൊച്ചി :- വിലയേറിയതാണ് മനുഷ്യജീവനെന്നും വന്യജീവി ആക്രമണം തടയാൻ കർശന നടപടി വേണമെന്നും ഹൈക്കോടതി. വനാതിർത്തിയിൽ സംരക്ഷണഭിത്തി നിർമിക്കണമെന്നതടക്കമുള്ള മുൻ ഉത്തരവുകളിൽ സ്വീകരിച്ച നടപടികൾ അറിയിക്കാൻ സർക്കാരിന് നിർദേശവും നൽകി. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയവും വിശദീകരണം നൽകണം. വനാതിർത്തിയിലെ ജനങ്ങൾ നേരിടുന്ന ദുരിതങ്ങളും അവർക്ക് പറയാനുള്ളതും അറിയാൻ സർവേ നടത്തി റിപ്പോർട്ട് നൽകാൻ കേരള ലീഗൽ സർവീസ് അതോറിറ്റിക്കും നിർദേശം നൽകി. ജസ്റ്റിസ് സി.എസ് ഡയസിന്റെതാണ് ഉത്തരവ്. വിഷയത്തിൽ കോടതിയെ സഹായിക്കാൻ അഭിഭാഷകരായ എം.പി മാധവൻകുട്ടി, ലിജി വടക്കേടം എന്നിവരെ അമിക്കസ് ക്യൂറിയായി നിയമിച്ചു. പത്തനംതിട്ട കേന്ദ്രമായി പ്രവർത്തിക്കുന്ന സംയുക്ത ജനകീയ സമിതിയടക്കം ഫയൽ ചെയ്ത ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. 

ആറളം ഫാമിൽ ആദിവാസിദമ്പതികൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവമടക്കമുള്ളവ സങ്കടപ്പെടുത്തുന്നെന്ന് കോടതി പറഞ്ഞു. 2019-നും '24-നും ഇടയിൽ സംസ്ഥാനത്ത് വന്യമൃഗാക്രമണത്തിൽ 555 പേർ മരിച്ചെന്നതും ഭയപ്പെടുത്തുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സെക്രട്ടറി, ചീഫ് സെക്രട്ടറി, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി, കെൽസ എന്നിവരെ സ്വമേധയ കക്ഷിചേർത്ത് സിംഗിൾ ബെഞ്ച് നിർദേശങ്ങൾ നൽകി. വിഷയം മാർച്ച് 24-ന് വീണ്ടും പരിഗണിക്കും. വനാതിർത്തിയിൽ കൽഭിത്തിയും കിടങ്ങുകളും നിർമിക്കുകയെന്ന ആവശ്യമാണ് സംയുക്ത ജനകീയ സമിതി ഉന്നയിച്ചിരിക്കുന്നത്. കാട്ടാനയുടെ ആക്രമണത്തിൽ പിതാവ് മരിച്ചതിനാൽ നഷ്ടപരിഹാരം നൽകണമെന്ന് പത്തനംതിട്ട സ്വദേശിയായ എൻ.ജി അമ്പിളി ആവശ്യപ്പെട്ടു.

Previous Post Next Post