വീട്ടുജോലിക്കാരുടെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വീട് സന്ദർശിക്കാൻ അനുവദിക്കരുത്, മുതിർന്ന പൗരൻമാരുടെ സുരക്ഷയ്ക്കായി മാർഗനിർദേശങ്ങളുമായി പോലീസ്


തിരുവനന്തപുരം :- വീട്ടുജോലിക്കാരുടെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വീട് സന്ദർശിക്കാൻ അനുവദിക്കരുതെന്നതടക്കം മുതിർന്ന പൗരൻമാരുടെ സുരക്ഷയ്ക്കായി മാർഗനിർദേശങ്ങളുമായി പൊലീസ്. സംസ്ഥാനത്ത് മുതിർന്നവർ മാത്രമുള്ള വീടുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാ മുൻകരുതലിനായി സർക്കുലർ ഇറക്കിയത്. ‘മുതിർന്ന പൗരൻമാർ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ’ എന്ന പേരിലാണ് സംസ്ഥാന പൊലീസ് മേധാവിയുടെ സർക്കുലർ.

സർക്കുലറിലെ ഭാഗങ്ങൾ

∙ വീട്ടുജോലിക്കാരുടെ മുന്നിൽവച്ച് സാമ്പത്തിക കാര്യങ്ങൾ ചർച്ച ചെയ്യരുത്.

∙ വീട്ടുജോലിക്ക് ആളെ നിർത്തുമ്പോൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുക.

∙ ജോലിക്കാർക്കു സ്ഥിരം സന്ദർശകരുണ്ടെങ്കിൽ പൊലീസിൽ അറിയിച്ച് അവരെക്കുറിച്ച് വിശദമായി അന്വേഷിക്കുക.

∙ വീടിന്റെ മുൻവാതിലിൽ ‘പീപ്പ്ഹോൾ’ സ്ഥാപിക്കുക. തിരിച്ചറിഞ്ഞ ശേഷം മാത്രം സന്ദർശകരെ പ്രവേശിപ്പിക്കുക.

∙ അറ്റകുറ്റപ്പണികൾക്കായി വരുന്ന ജോലിക്കാരുടെ വിവരങ്ങൾ പരിശോധിക്കുക. പ്രായമായവർ മാത്രമുള്ളപ്പോൾ ഇവർക്കു പ്രവേശനം അനുവദിക്കരുത്. മറ്റാരുടെയെങ്കിലും സാന്നിധ്യം ഉറപ്പാക്കുക.

∙ കൈവശമുള്ള അധിക താക്കോലുകൾ (സ്പെയർ കീ) എളുപ്പം കാണാവുന്ന രീതിയിലോ പതിവായി ഒളിപ്പിക്കുന്ന സ്ഥലങ്ങളിലോ സൂക്ഷിക്കരുത്.

∙ ഒറ്റയ്ക്കാണു താമസമെങ്കിൽ അക്കാര്യം അയൽക്കാരെ അറിയിക്കുക.

∙ ഡോർ അലാം അടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കുക.

Previous Post Next Post