തിരുവനന്തപുരം :- ലഹരിവ്യാപനം തടയാൻ ദക്ഷിണേന്ത്യൻ പോലീസ് ഒരുമിച്ച് പ്രവർത്തിക്കും. രണ്ടാഴ്ച മുൻപുചേർന്ന യോഗത്തിലാണ് തീരുമാനമെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം പറഞ്ഞു. ലഹരിക്കടത്ത് തടയാനുള്ള ദൈനംദിന പ്രവർത്തനങ്ങളുടെ ഏകോപനത്തിന് വാട്‌സാപ്പ് ഗ്രൂപ്പും രൂപവത്‌കരിച്ചു. അന്തർ സംസ്ഥാന ലഹരിക്കടത്തുകാരെക്കുറിച്ച് കേരള പോലീസിന് ലഭിക്കുന്ന വിവരങ്ങൾ കർണാടക, തമിഴ്‌നാട് പോലീസിനും കൈമാറും. സംസ്ഥാനത്തേക്ക് മയക്കുമരുന്ന് പ്രധാനമായും എത്തുന്നത് ബെംഗളൂരുവിൽ നിന്നാണ്. ഇതിന് തടയിടാനാണ് നീക്കം.
സിനിമകളിലെ അക്രമദൃശ്യങ്ങൾ ഒഴിവാക്കുന്നത് സംബന്ധിച്ച് സിനിമാമേഖലകളിലുള്ളവരുടെ യോഗം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേരുമെന്നും എ.ഡി.ജി.പി പറഞ്ഞു. അക്രമ ദൃശ്യങ്ങൾ യുവാക്കളെ സ്വാധീനിക്കുന്നുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. മാഫിയാ പ്രവർത്തനം മഹത്വവത്കരിക്കുന്ന പ്രവണത സിനിമകളിലുണ്ട്. വില്ലനെ ഹീറോ ആക്കുന്ന പ്രവണതയും കാണാം. ഇതെല്ലാം കുട്ടികളെ സ്വാധീനിക്കും. ഇത് നിയന്ത്രിക്കേണ്ടതുണ്ട്. അതിക്രമങ്ങൾ കൂടുതലുള്ള വീഡിയോ ഗെയിമുകൾ നിരോധിക്കാൻ കേന്ദ്രവുമായിച്ചേർന്ന് നടപടിയെടുക്കുമെന്നും എ.ഡി. ജി.പി പറഞ്ഞു. മയക്കുമരുന്ന് കേസുകളിൽ രാസപരിശോധനാഫലം വേഗം ലഭ്യമാക്കാൻ ലാബുകളിലെ പരിമിതികൾ മറികടക്കുമെന്നും എ.ഡി.ജി.പി പറഞ്ഞു.